കുട്ടിയുടെ അമ്മ Source: News Malayalam 24x7
KERALA

ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: "ചെലവിന് പണം കടം വാങ്ങേണ്ട അവസ്ഥ"; സർക്കാർ സഹായം തേടി കുടുംബം

കുട്ടി കഴിഞ്ഞ 32 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പത് വയസുകാരിയുടെ വലതു കൈ മുറിച്ച് മാറ്റിയതിൽ സർക്കാർ സഹായം തേടി കുടുംബം. വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വിനോദിനിയുടെ അമ്മ പ്രസീത ന്യൂസ്‌ മലയാളത്തോട് പറഞ്ഞു. കുട്ടി കഴിഞ്ഞ 32 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചെലവിന് പണം കടം വാങ്ങേണ്ട അവസ്ഥയാണെന്നും പ്രസീത പറഞ്ഞു.

കുട്ടി ആശുപത്രിയിലായതിന് പിന്നാലെ ഒരു മാസത്തോളമായി മാതാപിതാക്കൾ കൂലിപ്പണിക്ക് പോയിട്ടില്ല. ഒരു മാസമായി നാലും ആറും വയസുള്ള കുട്ടികളും സ്കൂളിൽ പോകുന്നില്ല. ചെലവിനായി കടം വാങ്ങേണ്ട അവസ്ഥയിലാണ്. സഹായത്തിനായി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കളക്ടർക്കും അപേക്ഷ നൽകിയിട്ടുണ്ടെന്നും മാതാവ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

വലതുകൈ പൊട്ടിയനിലയിൽ ഓഗസ്റ്റ് 24ന് ആയിരുന്നു വിനോദിനി എന്ന കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ആ സമയത്ത് കുട്ടിയുടെ രക്തയോട്ടത്തിന് പ്രശ്നമുണ്ടായിരുന്നില്ല. കൈക്ക് പ്ലാസ്റ്റർ ഇട്ട് കുട്ടിയെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. . പ്രത്യകിച്ച് പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ പ്ലാസ്റ്റർ എടുക്കാൻ അഞ്ച് ദിവസം കഴിഞ്ഞ് വരാനും നിർദേശം നൽകി.

30ാം തീയതി ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ കൈ നീര് വച്ചിരുന്നു. കൂടാതെ രക്തയോട്ടം നിലച്ച അവസ്ഥയിലും ആയിരുന്നു. ഇതിനെത്തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. കുട്ടിയുടെ കൈയിലെ രക്ത പ്രവാഹം നിലച്ചതും കൈയിൽ പഴുപ്പും വന്നതുകാരണം കുട്ടിയുടെ കൈ മുറിച്ച് മാറ്റേണ്ടിവരികയായിരുന്നു.

ഇതിനുപിന്നാലെ കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ രണ്ട് ജൂനിയർ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു. ജൂനിയർ റസിഡൻ്റ് ഡോക്ടർ മുസ്തഫ, ജൂനിയർ കൺസൾട്ടൻ്റ് ഡോ. സർഫറാസ് എന്നിവർക്കാണ് സസ്പെൻഷൻ. ചികിത്സ പ്രോട്ടോക്കോളിൽ വീഴ്ച വരുത്തി എന്ന് കണ്ടെത്തലിലാണ് നടപടി. എന്നാൽ ഈ നടപടി അംഗീകരിക്കില്ലെന്നും തെളിവില്ലാതെയാണ് ഡോക്ടർമാർക്കെതിരെ നടപടി എടുത്തതെന്നും കെജിഎംഒഎ അറിയിച്ചിരുന്നു.

SCROLL FOR NEXT