ആലപ്പുഴ: ഹരിപ്പാട് ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ട 14കാരൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ ഇടപെടലുമായി ശിശുക്ഷേമ സമിതി. കേസെടുത്ത് അന്വേഷണം നടത്താൻ എസ്പിക്ക് നിർദേശം നൽകി. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
ഭിക്ഷാടന സംഘം വ്യാപകമായ ശൃംഖലയെന്നും തമിഴ്നാട്ടിലെ അനാഥാലയങ്ങളിൽ നിന്നാണ് കുട്ടികളെ എത്തിക്കുന്നതെന്നുമാണ് വിവരം. കേരളത്തിൽ ഹോസ്റ്റൽ സൗകര്യത്തോടെയുള്ള ജോലിയോ വിദ്യാഭ്യാസമോ നൽകാമെന്ന പേരിലാണ് കൂട്ടികളെ കൊണ്ടുവരുന്നത്. ഹരിപ്പാട് മാത്രം സംഘത്തിലുള്ളത് ഇരുപതോളം കുട്ടികളെന്നും കണ്ടെത്തൽ. ഭിക്ഷാടനം നടത്തുന്നത് ബാങ്കുകൾക്കും ഹോട്ടലുകൾക്കും മുന്നിലെന്നും വിവരം.
രണ്ട് ദിവസം മുൻപാണ് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലേക്ക് 14കാരൻ തമിഴ് സംസാരിക്കുന്ന മഹാരാജ തന്നെ രക്ഷിക്കണമെന്ന് പറഞ്ഞ് ഓടി എത്തിയത്. തന്നെ രക്ഷിക്കണമെന്ന് അവിടെ ഉണ്ടായിരുന്ന ആളുകളോട് അവൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ജനപ്രതിനിധികളും പൊലീസും ചേർന്ന് കുട്ടി പറഞ്ഞത് പ്രകാരമുള്ള കാര്യങ്ങളിൽ തെരച്ചിൽ നടത്തുകയും കുട്ടി പറയുന്നതിൽ വസ്തുതയുണ്ടെന്ന് തെളിയുകയും ചെയ്തിരുന്നു.
ഒരു ദിവസം 1500 രൂപയെങ്കിലും നേടണമെന്ന് ടാർജറ്റ് ഉണ്ടായിരുന്നുവെന്നും 1000 രൂപയിൽ താഴെയാണ് വരുമാനമെങ്കിൽ കുട്ടികളുടെ തലയ്ക്ക് പുറകിലായി മർദിക്കുമെന്നും പതിനാലുകാരൻ മൊഴി നൽകി. മർദനം സഹിക്കാൻ കഴിയാതെയാണ് കുട്ടി രക്ഷപ്പെട്ട് ഓടി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. മഹാരാജ ഒരു മാസം മുൻപ് എത്തിയത് തൂത്തുകുടിയിലെ അനാഥാലയത്തിൽ നിന്നാണ്. മഹാരാജയ്ക്കൊപ്പം എത്തിച്ച അനുജൻ ചിലമ്പരശനെ കണ്ടെത്തിയില്ല. ഇരുവരെയും ഹരിപ്പാട് എത്തിച്ചത് ചെറിയച്ഛൻ അന്തോണിയാണ്. കുട്ടി നിലവിൽ ഹരിപ്പാടുള്ള ബാലസദനത്തിലാണുള്ളത്.