

ആലപ്പുഴ: ഭിക്ഷാടനസംഘത്തിൽ നിന്ന് പതിനാല് വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടി ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലേക്ക് ഓടിയെത്തുകയായിരുന്നു. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ മഹാരാജയാണ് ഭിക്ഷാടന സംഘത്തിൻ്റെ കൈയിൽ നിന്നും രക്ഷപ്പെട്ട് സ്റ്റേഷനിൽ എത്തിയത്.
അമ്മയുടെ മരണശേഷം അച്ഛൻ വീണ്ടും വിവാഹം കഴിച്ചിരുന്നു. ഇതേതുടർന്ന് മഹാരാജയും അനുജൻ ചിലമ്പരശനും തൂത്തുക്കുടിയിലെ ഒരു അനാഥമന്ദിരത്തിൽ നിന്നാണ് പഠിക്കുന്നത്. ഹരിപ്പാട് കുട ശരിയാക്കുന്ന ജോലി ചെയ്യുന്ന ഇവരുടെ പിതാവിൻ്റെ അനുജനായ അന്തോണിയാണ് ഒരു മാസം മുൻപ് ഇവരെ ഇവിടെ എത്തിച്ചതെന്നാണ് വിവരം.
കേരളത്തിലെത്തിയ കുട്ടികളെ ഭിക്ഷാടന മാഫിയയ്ക്ക് കൈമാറുകയായിരുന്നു. എല്ലാ ദിവസവും രാവിലെ ഒരു സംഘത്തോടൊപ്പം ഇവരെ ഭിക്ഷയ്ക്കായി പറഞ്ഞു വിടും. ഉച്ചയ്ക്ക് സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണം വാങ്ങി നൽകും. ഉച്ചയ്ക്ക് ശേഷവും വീണ്ടും ഇവർക്ക് ഭിക്ഷയ്ക്ക് പോകണം.
ഒരു ദിവസം 1500 രൂപയാണ് ടാർജറ്റ്. 1000 രൂപയിൽ താഴെയാണ് വരുമാനമെങ്കിൽ കുട്ടികളുടെ തലയ്ക്ക് പുറകിലായി മർദിക്കുമെന്നാണ് പതിനാലുകാരൻ്റെ മൊഴി. മർദനം സഹിക്കാൻ കഴിയാതെയാണ് മഹാരാജ രക്ഷപ്പെട്ട് ഓടി റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
സ്റ്റേഷൻ പരിസരത്ത് കുട്ടിയെ കണ്ട നാട്ടുകാരിൽ ചിലർ ബ്ലോക്ക് പഞ്ചായത്ത് അംഗമായ റോഷ്നിയെ വിവരം അറിയിച്ചു. ഹരിപ്പാട് പോലീസിൻ്റെ സഹായത്തോടെ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും കുട്ടിയെ സെൻ്റ് തോമസ് ബാലികാ ഭവനിലേക്ക് താൽക്കാലികമായി മാറ്റുകയും ചെയ്തു.
മഹാരാജ നൽകിയ വിവരം അനുസരിച്ച് പൊലീസ് അനിയനെ കണ്ടെത്താനായി ഹരിപ്പാട് പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടിയെ കാണാതായതോടെ സംഘം രക്ഷപ്പെട്ടതാകാനാണ് സാധ്യത. ഭിക്ഷാടനസംഘത്തിനായി പൊലീസ് ജില്ലയിൽ വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.