Source: Screengrab
KERALA

ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ വിലക്കിയ സംഭവം: സ്കൂൾ മാനേജരെ പ്രതി ചേർത്തു

അധ്യാപികയെ തടയാൻ സെക്യൂരിറ്റിക്ക് നിർദേശം നൽകിയതിനാണ് പ്രേരണാക്കുറ്റം ചുമത്തിയത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്കൂൾ ഗേറ്റിനുമുന്നിൽ തടഞ്ഞ സംഭവത്തിൽ ഒടുവിൽ സ്കൂൾ മാനേജരെ പൊലീസ് പ്രതി ചേർത്തു. അധ്യാപികയെ തടയാൻ സെക്യൂരിറ്റിക്ക് നിർദേശം നൽകിയതിനാണ് നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂൾ മാനേജർ സുരേഷ് കുമാറിനെതിരെ പ്രേരണാക്കുറ്റം ചുമത്തിയത്.

സംഭവത്തിൽ സ്കൂൾ മാനേജർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. വസ്ത്രധാരണത്തിൻ്റെ പേരിൽ പ്രധാനാധ്യാപികയെ മാറ്റി നിർത്തി എന്നും കെഇആർ ചട്ടങ്ങളുടെ ലംഘനമാണ് സംഭവിച്ചതെന്നും കണ്ടെത്തി. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ മാനേജർക്ക് ഡിഡിഇ നോട്ടീസ് നൽകി.

സ്കൂൾ മാനേജർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് അധ്യാപിക സിന്ധു നായർ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നു. ചുരിദാർ ധരിച്ചു വരരുതെന്ന് മുൻപും മാനേജർ തന്നോട് പറഞ്ഞിട്ടുണ്ട്. സ്കൂളിൽ ജോലി ചെയ്യാൻ ഭയമെന്നും സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കി തരണമെന്നും സിന്ധു എസ്. നായർ പറഞ്ഞു.

അധ്യാപികയ്ക്ക് സ്കൂളിൽ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തിരുന്നു. സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെതിരെയാണ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെ പിരിച്ചുവിട്ടു.

SCROLL FOR NEXT