കോഴിക്കോട്: ബേപ്പൂർ ഇൻ്റർനാഷണല്‍ വാട്ടര്‍ ഫെസ്റ്റിൽ കൗതുക കാഴ്ചയായി ഐഎൻഎസ് കൽപ്പേനി. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ കൽപ്പേനിയെ കാണാൻ നൂറുകണക്കിന് ആളുകളാണ് തുറമുഖത്ത് എത്തുന്നത്. ഫെസ്റ്റിൻ്റെ ആദ്യദിനം മുതൽ കൽപ്പേനി പ്രദർശനത്തിന് ഉണ്ടെങ്കിലും എന്നും കപ്പൽ കാണാൻ ആളുകളുടെ തിരക്കാണ്.
ബേപ്പൂരിന്റെ സായാഹ്നങ്ങളെ മനോഹരമാക്കി അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൽ ശ്രദ്ധേയ സാന്നിധ്യമാവുകയാണ് ലക്ഷദ്വീപിലെ കല്‍പ്പേനി ദ്വീപിന്റെ പേരിലുള്ള ഐഎന്‍എസ് കല്‍പ്പേനി. 2010ന് ശേഷം കമ്മീഷന്‍ ചെയ്ത യുദ്ധ കപ്പലാണ് ഇത്. തീരസംരക്ഷണം, കടല്‍ നിരീക്ഷണം, വേഗത്തിലുള്ള ആക്രമണ ദൗത്യങ്ങള്‍ എന്നിവയായിരുന്നു കല്‍പ്പേനിയുടെ പ്രധാന ചുമതലകള്‍. വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂര്‍ തുറമുഖത്തെത്തിയ ഐഎന്‍എസ് കല്‍പ്പേനിയെ കോഴിക്കോട്ടുകാർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
ക്രിസ്മസ് അവധിക്കാലമായതിനാല്‍ കുട്ടികളോടൊപ്പം കുടുംബസമേതമാണ് എല്ലാവരും എത്തിയത്. ആദ്യമായി ഒരു യുദ്ധകപ്പൽ നേരിൽ കണ്ടതിന്റെ സന്തോഷവും, കൗതുകവും കോഴിക്കോടിന്റെ മേയർ ഒ. സദാശിവനും ഉണ്ടായിരുന്നു.
കപ്പലിന്റെ മുന്‍ വശത്തെ ഡെക്ക്, പിന്‍വശമായ ക്വാര്‍ട്ടര്‍ ഡെക്ക്, കപ്പലിനകത്തെ സുരക്ഷ സംവിധാനങ്ങള്‍, ആയുധങ്ങള്‍ എന്നിവ നേരിട്ട് കാണാനും അവസരമുണ്ട്. ഇന്ത്യന്‍ നേവിയുടെ ഉത്പന്നങ്ങളായ കോട്ട്, തൊപ്പി, കീചെയിന്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രദര്‍ശനവും വില്‍പനയും ഇതിനൊപ്പമുണ്ട്.