Source: News Malayalam 24x7
KERALA

"ചൂരലുമായി എസ്ഐയുടെ നേതൃത്വത്തിൽ പൊലീസുകാർ, സ്റ്റേഷനിൽ എത്തിക്കുന്നതിന് മുമ്പും മർദനം"; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ന്യൂസ് മലയാളത്തിന്

പൊലീസിൻ്റെ ക്രൂരത വ്യക്തമാക്കുന്നതാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോ അസി. കമ്മീഷണർ കെ.സി. സേതുവിൻ്റെ റിപ്പോർട്ട്.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനം ശരിവെച്ച് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ടിലെ വിവരങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. ചൂരലുമായി എസ്ഐയുടെ നേതൃത്വത്തിൽ പൊലീസുകാർ മുകളിലത്തെ നിലയിലേക്ക് പോയി. സ്റ്റേഷനിൽ എത്തിക്കുന്നതിന് മുമ്പും സുജിത്തിനെ മർദിച്ചിരുന്നു.

പൊലീസിൻ്റെ ക്രൂരത വ്യക്തമാക്കുന്നതാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോ അസി. കമ്മീഷണർ കെ.സി. സേതുവിൻ്റെ റിപ്പോർട്ട്. ജിഡി ചാർജ് ഉണ്ടായിരുന്ന സിപിഒ ശശിധരൻ സ്റ്റേഷന് പുറത്തുനിന്ന് നടന്നുവരുന്നത് മർദനം നടന്നതായുള്ള പരാതിയെ ശരിവെക്കുന്നതായി റിപ്പോർട്ടിൽ പരാമർശം.

കഴിഞ്ഞ ദിവസമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. കുന്നംകുളം സ്റ്റേഷനിൽ വെച്ച് 2023 ഏപ്രിലിലാണ് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ എസ്ഐ നുഹ്മാൻ്റെ നേതൃത്വത്തിൽ മർദിച്ചത്. സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് കാക്കി ക്രൂരതയ്ക്ക് കാരണം. രണ്ട് വർഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് പൊലീസ് ക്രൂരതയുടെ സിസിടിവികൾ പുറത്ത് എത്തിക്കാൻ സുജിത്തിന് കഴിഞ്ഞത്. പൊലീസുകാർ പലവട്ടം മുങ്ങിയിട്ടും വിവരാവകാശ കമ്മീഷൻ കർശന നിലപാട് എടുത്തതോടെയാണ് ദൃശ്യം പുറത്ത് വന്നത്.

SCROLL FOR NEXT