KERALA

മാസങ്ങളോളം നീണ്ട അനാസ്ഥ! മാള ബിലീവേഴ്സ് എൻസിഎച്ച് ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയിൽ നടപടി വൈകുന്നു

തൃശൂർ പൂപ്പത്തിദേശം സ്വദേശി ശ്രീമോൾ നൽകിയ പരാതിയിലാണ് അധികൃതരുടെ അനാസ്ഥ

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ചികിത്സാ പിഴവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഇഴയുന്നതായി പരാതി. തൃശൂർ പൂപ്പത്തിദേശം സ്വദേശി ശ്രീമോൾ നൽകിയ പരാതിയിലാണ് അധികൃതരുടെ അനാസ്ഥ. മാസങ്ങൾ പിന്നിട്ടിട്ടും മെഡിക്കൽ ബോർഡ് യോഗം ചേരുകയോ പൊലീസ് പ്രാഥമിക അന്വേഷണം പൂർത്തികരിക്കുകയോ ചെയ്തിട്ടില്ല.

ഇക്കഴിഞ്ഞ ജൂൺ മാസം രണ്ടാം തീയതി ഉച്ചയോടെയാണ് സഹകരണ ബാങ്കിലെ താത്കാലിക ജീവനക്കാരിയായ ശ്രീമോൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ജോലിക്കിടെ കഠിനമായ വയറുവേദനയും പുറംവേദനയും ഉണ്ടായതോടെ മാള ബിലീവേഴ്സ് എൻസിഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീമോളുടെ ചെറുകുടലിൽ സുഷിരമുണ്ടെന്നും എത്രയും പെട്ടെന്ന് ഗാസ്ട്രോ സർജന്റെ ചികിത്സ ലഭ്യമാകാൻ മറ്റെതെങ്കിലും ആശുപത്രിയിലേക്ക് പോകാനും ഡോക്ടർ നിർദേശിച്ചു. ഇതിനിടയിൽ പ്രാഥമിക ചികിത്സ നൽകി.

എറണാകുളം ആസ്റ്ററിൽ പിന്നീട് നടത്തിയ സിടി സ്കാനിൽ റയൽസ് ട്യൂബ് കടത്തിയത് ശരിയായ രീതിയിൽ ആയിരുന്നില്ലെന്ന് കണ്ടെത്തി. പത്ത് ദിവസത്തോളം അബോധാവസ്ഥയിലായിരുന്നു യുവതി. ചികിത്സാ പിഴവിൽ ജൂൺ 16ന് പൊലീസിൽ പരാതി നൽകിയെങ്കിലും എഫ്ഐആർ ഇട്ടത് ഒരു മാസത്തിന് ശേഷമാണ്. ആശുപത്രി അധികൃതർക്കെതിരെ മൊഴി നൽകിയെങ്കിലും പ്രതി ചേർത്തില്ലെന്നും ആക്ഷേപമുണ്ട്. മാസങ്ങൾ പിന്നിട്ടും ആരോഗ്യ വകുപ്പ് ഇതുവരെ മെഡിക്കൽ ബോർഡ് ചേർന്നിട്ടില്ല.

കഴിഞ്ഞ മാസം 29നും ഈ മാസം 11നും മെഡിക്കൽ ബോർഡ് യോഗം ചേരാൻ തീരുമാനിച്ചെങ്കിലും മാറ്റി വച്ചു. ഡിവെെഎസ്പി ഓഫീസിനാണ് കേസിന്റെ അന്വേഷണ ചുമതല. മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസിന്റെ മറുപടി.

SCROLL FOR NEXT