തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യവിഷബാധയെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ മീൻമുട്ടയുടെ സാമ്പിൾ ശേഖരിക്കാൻ കേരളത്തിൽ നിന്ന് സംഘം തമിഴ്നാട്ടിലേക്ക്. വിഷബാധയുടെ ഉറവിടം കണ്ടെത്താന്‍ സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ തമിഴ്‌നാട് ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ സഹായം തേടിയിരുന്നു.
ഡെപ്യൂട്ടി കമ്മീഷണറും എഫ്എസ്ഒയും അടങ്ങുന്ന ഒരു സംഘം നാളെ കന്യാകുമാരിയിലേക്ക് തിരിക്കും. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സാമ്പിൾ ശേഖരിക്കുക. അവിടെ നിന്നും മീൻമുട്ടയുടെ സാമ്പിൾ കേരളത്തിലേക്ക് കൊണ്ടുവരും. സിഐഎഫ്ടിയായിരിക്കും പരിശോധന നടത്തുക. ആദ്യം കന്യാകുമാരി ഡിഒ പരിശോധന നടത്തുമെന്നായിരുന്നു തീരുമാനം
തമിഴ്നാട് കമ്മീഷണർ പരിശോധനയ്ക്ക് അനുമതി നൽകിയതോടെയാണ് തീരുമാനത്തിൽ മാറ്റം വന്നത്. വിഴിഞ്ഞത്തെ 'അസ്മാക്ക്' എന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേരാണ് മരിച്ചത്. ആരോഗ്യമന്ത്രി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ സഹായം തേടിയത്.
മീന്‍ മുട്ടയുടേതടക്കമുള്ള സാമ്പിളുകള്‍ പരിശോധിച്ചാലേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയൂ. മീനുകളില്‍ കാണുന്ന വിഷം കൊണ്ടാണോ മരണം സംഭവിച്ചതെന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഇരുവരുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.