തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പ് കേസിൽ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. സൗകര്യപ്രദമായ സമയം അറിയിക്കാൻ എസ്‌ഐടി നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ ചെയർമാനെ ചോദ്യം ചെയ്തിരുന്നെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ. അതേസമയം, അന്വേഷണ സംഘത്തിന്റെ അസൗകര്യം മൂലം പരീക്ഷാ കൺട്രോളർക്ക് ഹാജരാകാനുള്ള സമയം മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകിയിട്ടുണ്ട്.
അന്വേഷണസംഘം മൂന്ന് മണിക്കൂറോളമാണ് സെക്രട്ടറി സാജു ജോർജിനെ തിങ്കളാഴ്ച ചോദ്യം ചെയ്തത്. ആ ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പിഎസ്സി ചെയർമാനും കമ്മീഷനുമെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ ആണ് നടത്തിയത്. പല പരീക്ഷകളിലും നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് പ്രധാനവിവരം. പിഎസ്സി സെക്രട്ടറി, പരീക്ഷാ കൺട്രോളർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയും മറികടന്ന് ചെയർമാൻ നടപടിയെടുത്തു. ഇക്കാര്യത്തിൽ കമ്മീഷനുള്ളിൽ തന്നെ ഭിന്നതയുണ്ടായി.