തൃശൂര്‍: ഇരിങ്ങാലക്കുട ടൗണ്‍ കോപ്പറേറ്റീവ് ബാങ്കിനെതിരായ ആര്‍ബിഐ നടപടിയില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം. 1000 കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്ന ബാങ്ക് ഈ അവസ്ഥയില്‍ എത്തിയത് എങ്ങനെയെന്ന് കോണ്‍ഗ്രസ് വിശദീകരിക്കണമെന്നും ബാങ്കിന്റെ തകര്‍ച്ച എങ്ങനെയെന്ന് ജനങ്ങളോട് പറയാനുള്ള ബാധ്യത ഡിസിസി നേതൃത്വത്തിനുണ്ടെന്നും സിപിഐഎം വ്യക്തമാക്കി.
കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ആഘോഷമാക്കി ജാഥ നയിച്ച ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ ബാങ്കിന്റെ കാര്യത്തിലും പ്രതികരിക്കണമെന്നും സിപിഐഎം പറഞ്ഞു.
ഇരിങ്ങാലക്കുട ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ സാമ്പത്തിക ഇടപാടുകള്‍ ആര്‍ബിഐ മരവിപ്പിച്ചിരുന്നു. ആറ് മാസത്തേക്കാണ് മരവിപ്പിച്ചത്. ഈ സാഹചര്യത്തില്‍ നിക്ഷേപം സ്വീകരിക്കാനോ ലോണ്‍ അനുവദിക്കാനോ അനുമതി നല്‍കില്ല. നിക്ഷേപകരും സഹകാരികളും ബാങ്കിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
കെപിസിസി സെക്രട്ടറി എം.പി. ജാക്‌സണ്‍ ആണ് ഇരിങ്ങാലക്കുട ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍. ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്ന് ആര്‍ബിഐക്ക് പരാതി ലഭിച്ചിരുന്നു. 1996ല്‍ അര്‍ബന്‍ ബാങ്കായി ഉയര്‍ത്തപ്പെട്ട ബാങ്കിന് 71 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്.
കെപിസിസി സെക്രട്ടറി ചെയര്‍മാനായ ബാങ്കില്‍ നടക്കുന്നത് ഗുരുതര ക്രമക്കേടുകളാണെന്ന് പരാതിക്കാരന്‍ അഡ്വ. ആന്റണി തെക്കേക്കര ന്യൂസ് മലയാളത്തോട് പറഞ്ഞു. രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള എം.പി. ജാക്‌സണിന്റെ പ്രവര്‍ത്തനം ബാങ്കിനെ പ്രതിസന്ധിയിലാക്കിയെന്നും ആന്റണി ആരോപിച്ചു.