ജെയ്‌നമ്മ കൊലക്കേസില്‍ പ്രതി സെബാസ്റ്റ്യനെ ഇന്ന് ഈരാറ്റുപേട്ടയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ജെയ്‌നമ്മയുടെ മൊബൈല്‍ ഫോണ്‍ പ്രതി ഈരാറ്റുപേട്ടയിലെ കടയില്‍ ചാര്‍ജ് ചെയ്യാന്‍ എത്തിച്ചതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈരാറ്റുപേട്ടയില്‍ എത്തിച്ച് തെളിവെടുക്കുന്നത്.
പ്രതിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഇതിനു മുമ്പ് തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആലപ്പുഴ പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ പുരയിടത്തില്‍ നിന്നും ലഭിച്ച അസ്ഥി കഷണങ്ങളുടെ ഡിഎന്‍എ പരിശോധന ഫലവും ഈ ആഴ്ച ലഭിക്കും.
ജെയ്‌നമ്മയെ കൂടാതെ ബിന്ദു, ഐഷ, സിന്ധു എന്നിവരുടെ തിരോധാനത്തിലും ഇയാള്‍ക്ക് പങ്കുള്ളതായാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. കൊല നടത്തിയ രീതി, ഇരകളുമായുള്ള പരിചയം എന്നീ കാര്യങ്ങള്‍ ഇയാള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടില്‍ വീണ്ടും കത്തിച്ച അസ്ഥി കഷണങ്ങള്‍ കണ്ടെത്തി. എന്നാല്‍ മുറിയ്ക്കുള്ളില്‍ പുതുതായി പാകിയ ഗ്രാനൈറ്റ് പൊളിച്ചുള്ള പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.
എത്തിച്ചയുടന്‍ വീടിനുള്ളിലേക്ക് കയറ്റി തെളിവെടുപ്പ് തുടങ്ങി. തുടക്കം മുതല്‍ സെബാസ്റ്റ്യന്‍ നിസ്സഹകരണമായിരുന്നു. ചോദ്യം ചെയ്യലിലും മൗനമായിരുന്നു മറുപടി. സമാന്തരമായി വീടിന് ചുറ്റുമുള്ള രണ്ടേകാല്‍ ഏക്കര്‍ കാടുപിടിച്ച പറമ്പില്‍ പരിശോധന. ആദ്യം കാടുവെട്ടിത്തെളിച്ച് മണ്ണുമാറ്റി നോക്കിയത്, ദിവസങ്ങള്‍ക്കു മുന്‍പ് അസ്ഥി കഷണങ്ങള്‍ കിട്ടിയ സ്ഥലത്താണ്. തെളിവെടുപ്പ് സംഘം നിരാശരായില്ല, കത്തിച്ച നിലയില്‍ അസ്ഥികളുടെ ഇരുപതോളം ചെറു കഷണങ്ങള്‍ ലഭിച്ചു.
കുളം വറ്റിച്ചുള്ള പരിശോധനയില്‍ സ്ത്രീകളുടേതെന്ന് സംശയിക്കുന്ന രണ്ട് വസ്ത്രങ്ങളും ലഭിച്ചു. കെഡാവര്‍ നായ ഒരു കൊന്തയും കണ്ടെത്തി. പറമ്പിലെ കോണ്‍ക്രീറ്റിട്ട സ്ഥലം പൊളിച്ചതിനടിയില്‍ നിന്ന്, തലയോട്ടിക്ക് സമാനമായ വസ്തുവും ലഭിച്ചു. ലഭിച്ച വസ്തുക്കളെല്ലാം ഫോറന്‍സിക് സംഘം വിശദമായി പരിശോധിക്കും. ഇന്ന് കണ്ടെടുത്ത അസ്ഥികള്‍ ആരുടേതാണെന്ന് സ്ഥിരീകരിക്കാനുള്ള ഡിഎന്‍എ പരിശോധനയും ഉടന്‍ നടക്കും.