
70 പേരുടെ ജീവനെടുത്ത ഇടുക്കി പെട്ടിമുടി ഉരുപൊട്ടല്‍ ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്. വയനാട് ദുരന്തത്തിന് മുന്‍പ് ഏറ്റവും കൂടുതല്‍ പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലായിരുന്നു 2020ല്‍ പെട്ടിമുടിയിലേത്. ദുരന്തത്തിന്റെ ബാക്കിപത്രമായി ജീവിക്കുന്ന തോട്ടംതൊഴിലാളി കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ഇന്നും അകലെയാണ്.
ഇടുക്കി ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിക്ക് അപ്പുറം പെട്ടിമുടി മലനിരകള്‍ക്കിടയിലൂടെ ഉഗ്രപൊട്ടിത്തെറിക്ക് ശേഷം ആര്‍ത്തലച്ചെത്തിയ ഉരുള്‍ നാല് ലയങ്ങളെയാണ് ഇല്ലാതാക്കിയത്. ഉറങ്ങി കിടന്ന 70 പേരുടെ ജീവന്‍ പൊലിഞ്ഞു. രാത്രി പത്തരക്ക് നടന്ന ദുരന്തം പുറംലോകം അറിഞ്ഞത് അടുത്ത ദിവസം പുലര്‍ച്ചെയാണ്. 32 കുടുംബങ്ങളാണ് ദുരന്തത്തിന്റെ ഇരയായത്. ഉരുള്‍ പൊട്ടലില്‍ മരിച്ചു ജീവിച്ചവര്‍ ഇന്നും ഓര്‍മകളില്‍ വിറങ്ങലിക്കുകയാണ്.
ഗുരുതരമായി പരിക്കേറ്റ കറുപ്പായി, പെണ്‍മക്കള്‍, മുരുകന്‍, ഭാര്യ മുരുഗേശ്വരി, ഷണ്മുഖനാഥന്‍ മരുമക്കള്‍ തുടങ്ങി വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപ ധനസഹായം ഇന്നും ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പരാതിയുണ്ട്.
പെട്ടിമുടിക്ക് ഇന്ന് മറ്റൊരു മുഖമാണ്. പെട്ടിമുടിയില്‍ ജനിച്ചു വളര്‍ന്നവരാണ് തേയില തോട്ടങ്ങളില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍. എന്നാല്‍ അവര്‍ ഒന്നാകെ മണ്‍മറഞ്ഞതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ് ഇപ്പോള്‍ തോട്ടങ്ങളില്‍ ജോലി ചെയ്യുന്നത്. പുനരധിവാസം സര്‍ക്കാര്‍ സഹായത്തോടെ തോട്ടം ഉടമകള്‍ നടപ്പാക്കി.
പെട്ടിമുടി ദുരന്തത്തിന് ശേഷം 19 ദിവസം തെരച്ചില്‍ നീണ്ടു. 66 പേരുടെ മൃതദേഹം കണ്ടെടുത്തു. 4 പേര്‍ ഇന്നും കാണാമറയത്താണ്. ഉരുള്‍ ഇല്ലാതാക്കിയ ലയങ്ങള്‍ക്ക് പകരം, അടുത്തടുത്ത കുഴിമാടങ്ങളില്‍ അവര്‍ ഒരുമയോടെ അന്ത്യ വിശ്രമം കൊള്ളുകയാണ്.