കൊച്ചി:സേവ് ബോക്സ് ആപ്പ് തട്ടിപ്പിൽ നിർണായക കണ്ടെത്തലുമായി ഇഡി. സേവ് ബോക്സ് ആപ്പിൽ നിന്നും നടൻ ജയസൂര്യക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ജയസൂര്യയുടെയും ഭാര്യ സരിതയുടേയും അക്കൗണ്ടിൽ ആണ് പണം എത്തിയത്. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാൻ്റെ കമ്പനികളിൽ നിന്നാണ് പണം എത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
ബ്രാൻഡ് അംബാസിഡർക്കുള്ള പ്രതിഫലമെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴി. ജയസൂര്യയുടെ അക്കൗണ്ടുകളിൽ കൂടുതൽ പരിശോധന നടത്തുമെന്നും ഇഡി അറിയിച്ചു. അടുത്തയാഴ്ച വീണ്ടും ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. സാത്വിക് റഹീമിൻ്റെ പരിചയത്തിലുള്ള സിനിമാ മേഖലയിലുള്ളവരിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെയും ഭാര്യയേയും ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. സേവ് ബോക്സിൻ്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും, ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയോ എന്നുമാണ് ഇഡിയുടെ അന്വേഷണപരിധിയിൽ ഉള്ളത്. ജയസൂര്യയുടെ ഭാര്യ സരിതയുടെയും മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു.
2019ലാണ് തൃശൂർ സ്വദേശിയായ സ്വാതിക് റഹിം സേവ് ബോക്സ് ഓൺലൈൻ ലേല ആപ്പ് ആരംഭിച്ചത്. സേവ് ബോക്‌സിൻ്റെ ഫ്രാഞ്ചൈസി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയെ തുടർന്ന് ഇതിനെതിരെ കേസെടുത്തിരുന്നു. കേസിൽ സേവ് ബോക്‌സ് സ്ഥാപന ഉടമയായ സ്വാതിക് റഹീമിനെ പൊലീസ് അറസ്റ്റ്‌ചെയ്തിരുന്നു. ഈ കേസിൽ ഇപ്പോൾ ഇഡി നടത്തുന്ന അന്വേഷണത്തിലാണ് ജയസൂര്യയെ ചോദ്യം ചെയ്തത്.