Source: News Malayalam 24x7
KERALA

വിളയൂരിൽ ഇനി ജീരകശാലയും വിളയും; വിളഞ്ഞത് ആലംങ്ങാട്ടുകുഴി ഹനീഫയുടെ കൃഷിയിടത്തിൽ

എടപ്പലം സ്വദേശി ആലംങ്ങാട്ടുകുഴി ഹനീഫയുടെ കൃഷിയിടത്തിലാണ് സുഗന്ധ നെല്ലിനമായ ജീരകശാല വിളഞ്ഞ് നിൽക്കുന്നത്...

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: വിളകളുടെ ഊരായ പാലക്കാട്ടെ വിളയൂരിൽ ഇനി ജീരകശാലയും വിളയും. എടപ്പലം സ്വദേശി ആലംങ്ങാട്ടുകുഴി ഹനീഫയുടെ കൃഷിയിടത്തിലാണ് സുഗന്ധ നെല്ലിനമായ ജീരകശാല വിളഞ്ഞ് നിൽക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ ഭൂപ്രദേശ സൂചിക രജിസ്‌ട്രേഷൻ ലഭിച്ചിട്ടുളള ജീരകശാല അരി, ബിരിയാണികളിലാണ് ഉപയോഗിക്കുന്നത്.

ആഘോഷ ദിനങ്ങളില്‍ ബിരിയാണിയോ നെയ്ചോറോ വെയ്ക്കാന്‍ ജീരകശാലയാണ് കേമം. വയനാട് മേഖലയിൽ കൃഷി ചെയ്യുന്ന പരമ്പരാഗത സുഗന്ധ നെല്ലിനമായ ജീരകശാല ഇനി വിളകളുടെ ഊരെന്ന് അറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്തുള്ള വിളയൂർ ഗ്രാമത്തിലും വിളയും. എടപ്പലം സ്വദേശി ആലംങ്ങാട്ടുകുഴി ഹനീഫയുടെ കൃഷിയിടത്തിലാണ് ജീരവകാശ വിളവെടുപ്പിന് ഒരുങ്ങുന്നത്. പാടശേഖരത്തിലെ അര ഏക്കറിലാണ് കൃഷി.

കേന്ദ്രസർക്കാരിന്‍റെ ഭൂപ്രദേശ സൂചിക രജിസ്‌ട്രേഷൻ ലഭിച്ചിട്ടുളള നെല്ലിനമാണ് ജീരകശാല. ഉയരം കൂടിയതും, വളരെ കുറവ് സൂര്യപ്രകാശം ആവശ്യമുള്ളവയുമാണ് ഈ നെല്ല്. 150 ദിവസം മുതൽ 180 ദിവസം വരെയാണ് മൂപ്പ്. കനം കുറഞ്ഞ തുണ്ടും, ജീരകത്തിന്‍റെ വലിപ്പമുള്ള മെലിഞ്ഞുനീണ്ടതുമായ നെല്ലിന്‍റെ അരി വെളുത്തതും സുഗന്ധവാഹിയുമാണ്. ബിരിയാണി, നെയ്‌ച്ചോറ് എന്നീ വിഭവങ്ങൾ തയ്യാറാക്കാനുളള ഉത്തമ നെല്ലിനമാണ് ഇതിനെ കാണുന്നത്. പച്ചരിയായി ഉപയോഗിക്കാൻ കഴിയും. കിലോയ്ക്ക് 150 രൂപ വരെ വിലയാണ് ജീരകശാലയ്ക്കുള്ളത്.

ഒറ്റപ്പാലം പനമണ്ണയിൽ നിന്നാണ് ഹനീഫ് ഈ നെല്ലിനം എത്തിച്ചത്. യന്ത്രം ഉപയോഗിച്ച് വിളവെടുക്കാൻ കഴിയാത്ത സ്ഥിതിയായതിനാലാണ് വിളവെടുപ്പ് താമസിക്കുന്നത്. ഇത്തവണ മോശമല്ലാത്ത വിള ലഭിച്ചാല്‍ അടുത്ത വർഷം കൂടുതല്‍ ഭൂമിയില്‍ ജീരകശാല വിത്തിറക്കാനാണ് ഹനീഫ ലക്ഷ്യമിടുന്നത്.

SCROLL FOR NEXT