സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രതികരണം ആശങ്കയുണ്ടാക്കിയതായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. വിദ്യാഭ്യാസ മന്ത്രിയുടെ ആദ്യ പ്രതികരണം ആശങ്കയുണ്ടാക്കിയെന്നും ചര്‍ച്ചയ്ക്ക് വിളിച്ചത് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വി. ശിവന്‍കുട്ടി അങ്ങനെയായിരുന്നില്ല പറയേണ്ടിയിരുന്നത്. ആലോചിച്ച് ചെയ്യാം എന്നായിരുന്നു പറയേണ്ടിയിരുന്നത്. ചര്‍ച്ചയ്ക്ക് തയ്യാറെന്നതില്‍ സന്തോഷമുണ്ട്. ചര്‍ച്ചയ്ക്ക് വിളിച്ചതു കൊണ്ട് സമസ്തയുടെ സമയം അറിയിക്കുമെന്നും പ്രക്ഷോപം തുടരേണ്ടത് ചര്‍ച്ചയുടെ ഭാവി നോക്കിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ചര്‍ച്ചയ്ക്ക് വിളിക്കാത്തതിനെക്കുറിച്ച് അവരോട് ചോദിക്കണം. എല്ലാ സമുദായത്തിന്റെയും പ്രശ്‌നം പരിഹരിക്കണം. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഞങ്ങളല്ലേ പറയുക. അതില്‍ വേറെ സമുദായം ഉണ്ടോ ഇല്ലയോ എന്നത് വിഷയമല്ല. മന്ത്രി അങ്ങനെയല്ല പറയേണ്ടത്. ആലോചിച്ച് ചെയ്യാം എന്നായിരുന്നു. മന്ത്രി വാശി പോലെ പറയുകയാണ്. ആകെ 24 മണിക്കൂറല്ലേ ഉള്ളൂ. മദ്രസ സമയം മാറ്റാനാകില്ല,' ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ മാന്യമായ സമീപനം സ്വീകരിക്കുന്നതില്‍ വൈകി. മുഖ്യമന്ത്രിക്ക് ആയിരുന്നു നിവേദനം നല്‍കിയത്. മാന്യമായ പ്രതികരണം വൈകിയെന്നും അദ്ദേഹം പറഞ്ഞു. വേറെ സമയം എല്ലാവര്‍ക്കും കണ്ടെത്താമല്ലോ. മദ്രസ പ്രവര്‍ത്തനത്തിന് വേറെ സമയം എങ്ങനെ കണ്ടെത്താനാണ് എന്നും മന്ത്രിയുടെ ശൈലി ശരിയായില്ല. സമുദായങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ തന്നെയല്ലേ ഇവിടെ മന്ത്രിസഭ. വലിയ മതസമൂഹത്തെ അങ്ങനെ അവഗണിക്കാന്‍ പറ്റുമോ എന്നും മുത്തുക്കോയ തങ്ങള്‍ ചോദിച്ചു.
സ്‌കൂള്‍ സമയമാറ്റത്തെ ചൊല്ലിയുള്ള ചര്‍ച്ചകളില്‍ കഴിഞ്ഞ ദിവസം രൂക്ഷ പ്രതികരണമാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നടത്തിയത്. ഏതെങ്കിലും ഒരു മത വിഭാഗത്തിന് മാത്രം സ്‌കൂള്‍ സമയമാറ്റത്തില്‍ സൗജന്യം കൊടുക്കാന്‍ സാധിക്കില്ലെന്നും പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
സമയമാറ്റം നിലവില്‍ ആലോചനയില്ല. വിദഗ്ധ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ടൈം ടേബിള്‍ ആണ് ഇപ്പോള്‍ ഉള്ളത്. അധ്യാപക സംഘടനകള്‍ അടക്കം അംഗീകരിച്ച ടൈംടേബിള്‍ ആണിതെന്നും അതില്‍ ഒരു മാറ്റം വരുന്നതിനെക്കുറിച്ച് നിലവില്‍ ചിന്തിച്ചിട്ടില്ലെന്നും വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു. സമയം മാറ്റണമെന്ന് ആവശ്യപ്പെടുന്നവര്‍ അവരുടെ ആവശ്യത്തിന് വേണ്ടി സമയം ക്രമീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമസ്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.