കീ വിഷയത്തിൽ സർക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്നും ഇപ്പോൾ തെറ്റായ പ്രചരണം നടക്കുന്നുവെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കീം ഫലപ്രഖ്യാപനത്തിൽ കഴിഞ്ഞവർഷം ഒരു അനീതി ഉണ്ടായിരുന്നു. എല്ലാ കുട്ടികൾക്കും നീതിയും തുല്യതയും ഉറപ്പുവരുത്താൻ കഴിയുന്ന ഫോർമുലയാണ് സർക്കാർ അംഗീകരിച്ചത്. കോടതിയിൽ സിംഗിൾ ബെഞ്ച് അത് റദ്ദ് ചെയ്യുകയാണ് ഉണ്ടായത്.
അപ്പീൽ കൊടുത്തെങ്കിലും മേൽക്കോടതി സിംഗിൾ ബെഞ്ചിൻ്റെ വിധി ശരി വെക്കുകയാണുണ്ടായത്. എഐസിടിയുടെ സമയക്രമം മുൻ നിർത്തി വർഷത്തെ രീതിയിൽ നടപടിയുമായി മുന്നോട്ടു പോവുകയായിരുന്നു.
2012ലെ പ്രക്രിയ അടിസ്ഥാനപ്പെടുത്തി ലിസ്റ്റ് പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇതിൽ ഇപ്പോൾ കേരള സിലബസിൽ പഠിച്ച കുട്ടികൾക്ക് പ്രയാസം ഉണ്ടായിട്ടുണ്ട്. അതിൻ്റെ കാരണം സംസ്ഥാന സർക്കാരിൻ്റേതാണ് എന്ന തരത്തിൽ തെറ്റായ പ്രചരണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ എടുത്ത തീരുമാനം നടപ്പാക്കാൻ പറ്റിയില്ലല്ലോ. സംസ്ഥാന സർക്കാർ ക്യാബിനറ്റ് കൂടി അങ്ങനെ ഒരു തീരുമാനമെടുത്തില്ലായിരുന്നുവെങ്കിൽ പഴയ ഫോർമുല തന്നെയല്ലേ നടക്കുക. കുട്ടികൾ പുറംതള്ളപ്പെട്ടു എന്ന് പറഞ്ഞാൽ അതിൽ അനീതി ഉണ്ടായിട്ടുണ്ടെന്നാണ് അർഥമെന്നും മന്ത്രി പറഞ്ഞു.
അടുത്തവർഷം എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ ഫോർമുല തയ്യാറാക്കുമെന്നും, അത് ഒരു കോടതിക്കും തള്ളാൻ കഴിയാത്ത തരത്തിൽ ഉള്ളതായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻ്റെ വിധി അംഗീകരിക്കുന്നുവെന്ന് ആർ.ബിന്ദു അറിയിച്ചിരുന്നു. കീം പരീക്ഷാഫലം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായി സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞദിവസമാണ് സംസ്ഥാനത്തെ എഞ്ചിയിനയറിങ് പ്രവേശനത്തിനുള്ള കീം ഫലം ഹൈക്കോടതി റദ്ദാക്കിയത്. സിബിഎസ്ഇ-കേരള സിലബസ് മാർക്ക് ഏകീകരണത്തിനുള്ള ഫോർമുലയാണ് ഹൈക്കോടതി സിഗിംൾ ബെഞ്ച് റദ്ദാക്കിയത്. എറണാകുളം സ്വദേശിനിയായ വിദ്യാർഥിനിയുടെ ഹർജി പരിഗണിച്ചാണ് കോടതി കീം ഫലം റദ്ദാക്കിയത്.
ഇതിനുപിന്നാലെ കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരുന്നു. 76230 പേരാണ് എഞ്ചിയിനയറിങ് പ്രവേശനത്തിനായി യോഗ്യത നേടിയത്. ആദ്യ 100 റാങ്കിൽ 21 പേര് മാത്രമാണ് കേരള സിലബസിൽ നിന്നുള്ളത്. ആദ്യം പുറത്തിറക്കിയ ലിസ്റ്റിൽ ആദ്യ 100 റാങ്കിൽ കേരള സിലബസിൽ നിന്നുള്ള 43 പേർ ഉൾപ്പെട്ടിരുന്നു. ഒന്നാം റാങ്ക് അടക്കം വലിയ മാറ്റമാണ് പുതിയ റാങ്ക് പട്ടികയിലുള്ളത്.