കൊച്ചി : പത്മജ വേണു ഗോപാലിന്റെ കോണ്‍ഗ്രസിലേക്കുള്ള മടങ്ങിവരവിനിടെ ചോദ്യ ശരങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍. തുറന്നിട്ട വാതില്‍പ്പടിയിലേക്ക് കാലെടുത്തുവയ്ക്കും മുന്‍പേ തിരുത്തി പറയേണ്ട ചില രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ടെന്ന ആമുഖത്തോടെ തുടങ്ങുന്ന 19 ചോദ്യങ്ങളാണ് ജിന്റോ ജോണ്‍ ഫേസ്ബുക്ക് പങ്കുവെച്ചത്. കെ കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ തനിക്ക് മുന്‍പ് ബിജെപി ആയേനെ എന്നത് മുതല്‍ ലൗജിഹാദ്, ഷാഫി പറമ്പിലിന്റെ വര്‍ഗീയത, കോണ്‍ഗ്രസിനുള്ളിലെ സ്ത്രീ സുരക്ഷ,അധികാര മോഹം, മുരളീധനുമായുള്ള ബന്ധം, മോദി ഭക്തി, രാഷ്ട്രീയ നിലപാടില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ ഉദ്ദരിച്ചുകൊണ്ടാണ് ജിന്റോ ജോണ്‍ ചോദ്യങ്ങളുന്നയിക്കുന്നത്.
അതോടൊപ്പം, ഇത്തരക്കാരെ പാര്‍ട്ടിയില്‍ തിരികെയെടുക്കുമ്പോള്‍ പാലിക്കേണ്ട മിനിമം മര്യാദകളും പൊതുപ്രവര്‍ത്തകരുടെ വികാരവുമെല്ലാം കൂടിച്ചേര്‍ന്നതാണ് ജിന്റോയുടെ പോസ്റ്റ്.
താമരകളുടെ കായിക വിനോദങ്ങള്‍ക്കുള്ള തുറസ്സായ ഗ്രൗണ്ട് മാത്രമല്ല കോണ്‍ഗ്രസ്. അവരുടെ ചാട്ടങ്ങളില്‍ മുറിപ്പെട്ടിട്ടും ആത്മാഭിമാനത്തോടെ പോരാടി നിന്ന മനുഷ്യരുടെ മുറിവുണക്കിയിട്ട് വേണം അധികാര ആസ്വാദകര്‍ക്ക് പന്തലൊരുക്കാന്‍ എന്ന് കൂടി കൂട്ടിച്ചേര്‍ത്താണ് കുറിപ്പ് തുടങ്ങുന്നത്.
കുറിപ്പ് പൂര്‍ണമായി :
അവര്‍ വരട്ടെ, സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ പൊളിറ്റിക്കല്‍ ക്ലാരിറ്റി വരുത്തിയിട്ട്. അതാകണ്ടേ വന്നുകയറാന്‍ ആഗ്രഹിക്കുന്നവരുടെ മിനിമം യോഗ്യത. അവര്‍ നിരുപാധികമായി വരട്ടെ... അണിയായി. അനുഭാവിയായി. പ്രവര്‍ത്തകയായി. അണികളുടേയും അനുഭാവികളുടേയും പ്രവര്‍ത്തകരുടേയും വൈകാരികത മനസ്സിലാക്കാന്‍ അവര്‍ക്കത് ഉപകരിക്കപ്പെടും. അവരെ സ്വീകരിക്കാന്‍ പ്രവര്‍ത്തകരുടെ മനസ്സ് പാകപ്പെടാനെങ്കിലും ആ ഗ്രേസ് പിരീഡ് വേണ്ടതാണ്.
തുറന്നിട്ട വാതില്‍പ്പടിയിലേക്ക് കാലെടുത്തുവയ്ക്കും മുന്‍പേ തിരുത്തി പറയേണ്ട ചില രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ട്. അതെല്ലാം ആത്മാര്‍ത്ഥമായി തിരുത്തി ഉച്ചത്തില്‍ പറഞ്ഞു തന്നെ വേണം പ്രവേശനോത്സവം.
1. അച്ഛന്‍, അതായത് കെ കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ പത്മജക്ക് മുന്‍പ് ബിജെപി ആയേനെ എന്ന നിലപാട് ഇപ്പോഴുമുണ്ടോ?
2. കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ ചന്ദനക്കുറി തൊടാന്‍ പേടിയായിരുന്നു എന്ന് പറഞ്ഞ അഭിപ്രായം ഇപ്പോഴുമുണ്ടോ? അതോ ആ പേടി മാറിയോ?
3. സൗന്ദര്യമുള്ള സ്ത്രീകള്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ ജീവിതം തകര്‍ന്നുപോകുമെന്ന നിലപാട് ഇപ്പോഴുമുണ്ടോ? സൗന്ദര്യമില്ലാതെയാണോ അവരിപ്പോള്‍ വരുന്നത്? ഈ പാര്‍ട്ടിയിലെ ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ ആത്മാഭിമാനം മുറിപ്പെടുത്തിയ സ്ത്രീവിരുദ്ധ നിലപാട് ഇപ്പോഴുമുണ്ടോ? തിരുത്തുമോ?
4. ഷാഫി പറമ്പില്‍ വര്‍ഗീയവാദിയാണെന്ന് പറഞ്ഞ് നിലപാട് മാറിയോ?
5. കേരള സ്റ്റോറി എന്ന വിഷലിപ്ത പ്രൊപോഗാണ്ട സിനിമയെ പിന്തുണച്ചുകൊണ്ട് ലൗ ജിഹാദിന് നേരനുഭവമുണ്ടെന്ന് പറഞ്ഞ വിദ്വേഷവും ഉപേക്ഷിച്ചുവോ?
6. 'കോണ്‍ഗ്രസില്‍ ഇല്ലായിരുന്ന ബിജെപിയില്‍ എത്തിയപ്പോള്‍ കിട്ടിയ മനസ്സമാധാനം' നഷ്ടപ്പെട്ടിട്ടാണോ വീണ്ടും കോണ്‍ഗ്രസിലെ മനസ്സമാധാനം തേടിയെത്തുന്നത്?
7. കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നും സൈഡില്‍ നിന്നും കുത്തി നില്‍ക്കക്കള്ളി ഇല്ലാതാക്കിയവര്‍ ആരൊക്കെയാണ്? അവരോട് ക്ഷമിച്ചോ? അതോ അന്ന് പറഞ്ഞതെല്ലാം കള്ളമായിരുന്നോ?
8. 'സ്ത്രീകള്‍ക്ക് മുന്‍നിരയില്‍ കസേര കിട്ടു'മെന്ന് ഉറപ്പുള്ളത് കൊണ്ടാണോ തിരിച്ചുവരാന്‍ ശ്രമിക്കുന്നത്? അത് മുന്‍നിരയിലെ കസേര മാത്രം ലക്ഷ്യമിട്ടാണോ? അങ്ങനെയെങ്കില്‍ വെറുമൊരു കസേരമോഹി മാത്രമല്ലേ?
9. എന്തൊക്കെയാണ് തിരുത്തുന്നത് എന്നറിയണമെന്നുണ്ട്. അന്ന് പറഞ്ഞ ഓരോ വഞ്ചനാപരമായ വാക്കുകളും എടുത്തുപറഞ്ഞ് തിരുത്തുമോ?
10. നോട്ടുകൊള്ള മുതല്‍ വോട്ടുകൊള്ള വരെ നടത്തിയ മോദി സര്‍ക്കാരിനെതിരെ രാജ്യമെമ്പാടും തെരുവുനിറഞ്ഞ് കോണ്‍ഗ്രസ് സമരം ചെയ്യുമ്പോഴും നരേന്ദ്രമോദി രാജ്യത്തിനുവേണ്ടി പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ടെന്നുള്ള ഒഴുക്കന്‍ വര്‍ത്തമാനം ഇപ്പോഴും പറയുന്നവര്‍ക്ക് എന്ത് രാഷ്ട്രീയബോധ്യമാണ് കോണ്‍ഗ്രസിനെ കുറിച്ച് ഈ നിമിഷവും ഉള്ളത്?
11. ഇത്രയുമായിട്ടും ബിജെപിയില്‍ നല്ല ആള്‍ക്കാരാണെന്നും അവര്‍ ലീഡറുടെ സ്മൃതികുടീരത്തില്‍ കയറുന്നതില്‍ അശുദ്ധിയും കുഴപ്പവുമില്ലെന്നും പറഞ്ഞതിലെ രാഷ്ട്രീയാല്‍പത്തം മതേതര കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എങ്ങനെ സഹിക്കും?
12. കോണ്‍ഗ്രസ് വിട്ടപ്പോള്‍ അത് രാഷ്ട്രീയ തീരുമാനമായിരുന്നു എന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ അഭയം തേടാന്‍ ശ്രമിക്കുന്നത് വ്യക്തിപരമായി തീരുമാനമാണത്രേ! അതെന്താ ഇപ്പോള്‍ 'രാഷ്ട്രീയ' തീരുമാനമില്ലാത്തത്? വിചാരിച്ചത് കിട്ടിയില്ലെങ്കില്‍ ഇനിയും വിട്ടുപോകാനുള്ള മുന്‍കൂര്‍ ജാമ്യമാണോ?
13. 'മനസ്സ് വിഷമിക്കുമ്പോള്‍' ഇനിയും ഒറ്റ നിമിഷം കൊണ്ട് പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് പോകില്ല എന്ന് എത്രമാത്രം ഉറപ്പുണ്ട്?
14. 'ദ്രോഹിച്ചവര്‍' ഉണ്ടെന്ന് പറയുന്ന പാര്‍ട്ടിയിലേക്ക് തിരിച്ചു വരുമ്പോള്‍ 'ദ്രോഹിച്ചവരോട്' എങ്ങനെയായിരിക്കും പെരുമാറ്റം? കുറേയാളുകളെ മറയില്‍ നിര്‍ത്തി സംശയ വര്‍ത്തമാനം പറയുന്നത് രാഷ്ട്രീയ സത്യസന്ധതക്കുറവല്ലേ?
15. ഇന്നുവരെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ പറയുന്നതല്ലാതെ കോണ്‍ഗ്രസ്സിന് വേണ്ടി ഒരൊറ്റ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പോലും പറയാത്തവരെ കൊണ്ട് വന്നുകയറുന്ന ഇടത്തിനെന്ത് രാഷ്ട്രീയഗുണം?
16. കെടിഡിസി ചെയര്‍പേഴ്‌സണ്‍, ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, രണ്ടുവട്ടം നിയമസഭാ സ്ഥാനാര്‍ത്ഥിത്വം, ഒരുവട്ടം ലോക്‌സഭാ സ്ഥാനാര്‍ഥിത്വം എന്നിങ്ങനെയുള്ള അവസരങ്ങളില്‍ വലിയ അധ്വാനമൊന്നുമില്ലാതെ എത്തിച്ചേര്‍ന്നിട്ടും ഒറ്റ നിമിഷത്തില്‍ അവരുപേക്ഷിച്ച് പോയതിന്റെ പേരാണ് ലീഡറുടെ ലെഗസി. പാര്‍ട്ടിയില്‍ ഉണ്ടായിരുന്നപ്പോള്‍ മാത്രം അവര്‍ക്കുണ്ടായിരുന്ന ആ രാഷ്ട്രീയ മേല്‍വിലാസം പോലുമില്ലാത്തയാളെ ഇന്ന് ഞങ്ങള്‍ എങ്ങനെ നിരുപാധികം സ്വീകരിക്കും?
17. കെ കരുണാകരനെന്ന രാഷ്ട്രീയ ഭീഷ്മാചാര്യന്റെ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയം കണ്ടടുത്തറിഞ്ഞിട്ടും ബിജെപിയുടെ രാഷ്ട്രീയം ഇതുവരെ മനസ്സിലായില്ലെങ്കില്‍ അവര്‍ക്ക് കോണ്‍ഗ്രസിന്റെ രാഷ്ട്രീയവും മനസ്സിലായിട്ടില്ല എന്നല്ലേ ഞങ്ങള്‍ സാധാരണ പ്രവര്‍ത്തകര്‍ മനസ്സിലാക്കേണ്ടത്?
18. കോണ്‍ഗ്രസിന്റെ രാഷ്ട്രീയം മനസ്സിലായിരുന്നെങ്കില്‍ അതിനോട് നേരെതിരെ നില്‍ക്കുന്ന ബിജെപിയുടെ സംഘപരിവാര്‍ രാഷ്ട്രീയവും മനസ്സിലാക്കുമല്ലോ? ഇനിയും കോണ്‍ഗ്രസ്സന്തെന്ന് മനസ്സിലാകാത്തവരെ ഞങ്ങളെങ്ങനെ മനസ്സുകൊണ്ട് സ്വീകരിക്കും?
19. ആങ്ങളയും പെങ്ങളും വീട്ടിലാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് പ്രാര്‍ത്ഥിക്കാന്‍ അസുഖം വന്ന് കിടപ്പല്ലല്ലോ എന്നും പറഞ്ഞ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരനെ തള്ളിപ്പറഞ്ഞ് ബിജെപിക്ക് എംപിയെ കൊടുക്കാന്‍ തൃശ്ശൂരില്‍ ഓടിനടന്നയാള്‍ പെട്ടെന്നൊരു സഹോദര സ്‌നേഹം പറയുന്നത് സംശയിക്കുന്നില്ല. കാരണം അതവരുടെ കുടുംബകാര്യമാണെന്ന് മാനിക്കുന്നു. പക്ഷേ അത് പാര്‍ട്ടിയിലേക്കുള്ള പിന്‍വാതില്‍ പ്രവേശനത്തിനാണെങ്കില്‍ പൊളിറ്റിക്കല്‍ ക്ലാരിറ്റി വരുത്തി മുന്‍വാതിലിലൂടെ വരുന്നതല്ലേ രാഷ്ട്രീയ ശരി?
ഇപ്പോഴും സംഘപരിവാറിനോട് മൃദുസമീപനമുള്ള, തികച്ചും വ്യക്തിപരമായ താല്‍പര്യത്തിന്റെ പേരില്‍ ബിജെപി വിട്ടുവെന്ന് പറയുമ്പോഴും രാഷ്ട്രീയമായി ബിജെപിയേയോ സംഘപരിവാറിനേയോ ഒരു നിശ്വാസം കൊണ്ടുപോലും ഇതുവരേയും തള്ളിപ്പറയാത്ത, മോദിയില്‍ ഇനിയും നന്മ കാണുന്ന, ബിജെപി നേതാക്കളുമായി നല്ലയടുപ്പമുള്ള, ഇപ്പോഴും ബിജെപിയുടെ മരക്കൊമ്പില്‍ നിന്ന് പിടിവിടാതെ കോണ്‍ഗ്രസ്സിന്റെ വാതില്‍പ്പടിയിലേക്ക് എത്തിവലിഞ്ഞ് കാലെടുത്തുവെക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയം എതിര്‍ക്കപ്പെടുക തന്നെ ചെയ്യും. അതുകൊണ്ട് പൊളിറ്റിക്കല്‍ ക്ലാരിറ്റി വേണം.
ഞങ്ങളെ പോലുള്ളവരെ ആക്ഷേപിച്ച് കൊണ്ടിറങ്ങിപ്പോയപ്പോള്‍ അവരൊക്കെ പറഞ്ഞതാണ് ശരിയെന്ന് തെറ്റിദ്ധരിച്ച് ബാക്കി എല്ലാവരും കൂടി പോയിരുന്നെങ്കില്‍ തിരിച്ചുവരാന്‍ അവര്‍ക്കൊരു ഇടം ഉണ്ടാകുമായിരുന്നോ? പോകാതിരുന്നവരാണ് ശരി. ഞങ്ങളായിരുന്നു കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശരി. അതുകൊണ്ട് തന്നെ പോകാതിരുന്നവരുടെ ആത്മാഭിമാനത്തെ മാനിച്ചിട്ടു വേണം ഭാഗ്യന്വേഷികളായി കറങ്ങി നടന്ന് മടുത്ത് ബിജെപിയില്‍ നിന്ന് അല്‍പം മുന്‍പ് മാത്രം ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി വരുന്നവര്‍ക്ക് പരവതാനി വിരിച്ചു സ്വീകരിക്കാന്‍. തിരിച്ചുവരുന്നത് വെറുമൊരു പത്മജ മാത്രമാണ്. ലീഡറുടെ ലെഗസി രാഷ്ട്രീയമായി കോണ്‍ഗ്രസ്സിലുപേക്ഷിച്ച് പോയവരെ സ്വീകരിക്കും മുന്‍പ് രാഷ്ട്രീയ സൂക്ഷ്മപരിശോധന വേണം. എല്ലാത്തിനും ഉപരിയായി രാഷ്ട്രീയ വിശ്വാസ്യത എന്നതൊരു മിനിമം മര്യാദയാണെന്നും മനസ്സിലാക്കണം. താമരകളുടെ കായിക വിനോദങ്ങള്‍ക്കുള്ള തുറസ്സായ ഗ്രൗണ്ട് മാത്രമല്ല കോണ്‍ഗ്രസ്. അവരുടെ ചാട്ടങ്ങളില്‍ മുറിപ്പെട്ടിട്ടും ആത്മാഭിമാനത്തോടെ പോരാടി നിന്ന മനുഷ്യരുടെ മുറിവുണക്കിയിട്ട് വേണം അധികാര ആസ്വാദകര്‍ക്ക് പന്തലൊരുക്കാന്‍...