KERALA

ഗര്‍ഭഛിദ്രത്തിനായി ജോബി എത്തിച്ചത് ഗുരുതര പാര്‍ശ്വഫലങ്ങളുള്ള ഗുളികകള്‍; നല്‍കേണ്ടത് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം

ഡോക്ടറുടെ സാന്നിധ്യത്തില്‍ മാത്രമാണ് ഈ ഗുളികകള്‍ കഴിക്കേണ്ടത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്തനംതിട്ട സ്വദേശി ജോബി ജോസഫ് യുവതിക്ക് കൈമാറിയത് ഗുരുതര പാര്‍ശ്വഫലങ്ങളുള്ള ഗുളികകളാണ്. ഡോക്ടറുടെ സാന്നിധ്യത്തില്‍ മാത്രമാണ് ഈ ഗുളികകള്‍ കഴിക്കേണ്ടത്.

പത്തനംതിട്ടയിലെ യുവ വ്യവസായിയാണ് ജോബി ജോസഫ്. രാഹുലിന്റെ അടുത്ത സുഹൃത്തായ ജോബിയാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് യുവതിയുടെ മൊഴിയില്‍ പറഞ്ഞിരുന്നു. കുഞ്ഞ് ഉണ്ടായാല്‍ തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. മരുന്ന് കഴിച്ചെന്ന് രാഹുല്‍ വീഡിയോ കോളിലൂടെ ഉറപ്പുവരുത്തിയെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നുണ്ട്.

യുവതിയുടെ മൊഴയില്‍ പറയുന്ന ഗുളികകള്‍ ഡോക്ടറുടെ കുറിപ്പടിയോടും, നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടും കൂടി മാത്രമേ നല്‍കാന്‍ പാടുള്ളൂ. സ്വയം ചികിത്സ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുള്ള ഗുളികകളാണിത്.

അമിതമായ രക്തസ്രാവവും വയറുവേദനയും ഛര്‍ദിയും ചിലരില്‍ വയറിളക്കവും ഗുളികയുടെ പാര്‍ശ്വഫലങ്ങളായി ഉണ്ടാകും. ചില ആളുകള്‍ക്ക് തലകറക്കം, തലവേദന, ക്ഷീണം, നേരിയ പനി എന്നിവയും ഉണ്ടാകും.

ചിലരില്‍ ഗുളികകളുടെ ഉപയോഗം അപകടകരമായ ലക്ഷണങ്ങള്‍ കാണിക്കും. അനിയന്ത്രിതമായ രക്തസ്രാവം, ഗുളിക കഴിച്ച് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പനി തുടരുകയോ അല്ലെങ്കില്‍ കടുത്ത പനിയോടു കൂടി അസ്വസ്ഥത അനുഭവപ്പെടുകയോ ചെയ്യുക, വേദനസംഹാരികള്‍ കഴിച്ചിട്ടും നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തിലുള്ള കഠിനമായ വയറുവേദന എന്നിവ അനുഭവപ്പെടാം.

അതിനാല്‍, ഗുളികകള്‍ കഴിക്കുന്നതിനു മുമ്പ് ഡോക്ടറുമായി സംസാരിക്കേണ്ടതും നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതും നിര്‍ബന്ധമാണ്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന് താനുമായുള്ള അടുപ്പവും ഗര്‍ഭഛിദ്രവും ചില യുവ നേതാക്കള്‍ക്കും അറിയാമായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് യുവതി ജില്ലാ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലെ നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മാങ്കൂട്ടത്തിലുമായി അടുപ്പമുള്ള യുവനേതാക്കളുടെ മൊഴിയെടുക്കുന്നത് അന്വേഷണ സംഘത്തിന്റെ പരിഗണനയിലുണ്ട്. ഈ കേസില്‍ രാഹുലിനെ സഹായിക്കാന്‍ നേതാക്കള്‍ ഇടപെട്ടിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

SCROLL FOR NEXT