KERALA

"അതിജീവിതയ്ക്ക് ഒരു പൊതി നൽകിയിരുന്നു", തന്നുവിട്ടത് രാഹുലിൻ്റെയും അതിജീവിതയുടേയും സുഹൃത്ത്; ജോബി ജോസഫിൻ്റെ മൊഴി

പൊതിയിൽ എന്താണെന്ന് അറിയില്ലായിരുന്നു എന്നും ജോബി ജോസഫ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഗർഭച്ഛിദ്ര കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി രണ്ടാം പ്രതി ജോബി ജോസഫിൻ്റെ മൊഴി. അതിജീവിതയ്ക്ക് താൻ ഒരു പൊതി നൽകിയിരുന്നുവെന്ന് ജോബി ജോസഫ് സമ്മതിച്ചു. എന്നാൽ പൊതിയിൽ എന്താണെന്ന് അറിയില്ലായിരുന്നു എന്നും ജോബി പറഞ്ഞു. രാഹുലിൻ്റെയും അതിജീവതയുടെയും സുഹൃത്താണ് പൊതി തന്നു വിട്ടതെന്നും ജോബി ജോസഫ് വ്യക്തമാക്കി. കേസിൽ രണ്ടാം പ്രതിയാണ് ജോബി ജോസ്.

മുൻ‌കൂർ ജാമ്യം ലഭിച്ച ജോബിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഫോൺ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജോബിക്ക് നോട്ടീസും നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യാൻ എത്തിയപ്പോൾ ഫോൺ കൊണ്ടുവരാത്തതിനെ തുടർന്നാണ് അന്വേഷണസംഘത്തിൻ്റെ നടപടി. ഫോൺ ഹാജരാക്കിയില്ലെങ്കിൽ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.

രാഹുലിൻ്റെ നിര്‍ദേശ പ്രകാരം ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണ് എന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. പത്തനംതിട്ടയിലെ യുവ വ്യവസായിയാണ് ജോബി ജോസഫ്. രാഹുലിന്റെ അടുത്ത സുഹൃത്തായ ജോബിയാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് യുവതിയുടെ മൊഴിയില്‍ പറഞ്ഞിരുന്നു.

കുഞ്ഞ് ഉണ്ടായാല്‍ തൻ്റെ രാഷ്ട്രീയ ഭാവി തകരുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. മരുന്ന് കഴിച്ചെന്ന് രാഹുല്‍ വീഡിയോ കോളിലൂടെ ഉറപ്പുവരുത്തിയെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നുണ്ട്. യുവതിയുടെ മൊഴയില്‍ പറയുന്ന ഗുളികകള്‍ ഡോക്ടറുടെ കുറിപ്പടിയോടും, നിയമപരമായ മാര്‍ഗനിർദേശങ്ങളോടും കൂടി മാത്രമേ നല്‍കാന്‍ പാടുള്ളൂ. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് യുവതിക്ക് മരുന്നുകൾ കൈമാറിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

SCROLL FOR NEXT