Source; Social Media
KERALA

"മുലപ്പാലിൽ ഉപ്പുണ്ടോ എന്ന് നോക്കേണ്ട കാര്യമില്ല, റോഷി അഗസ്റ്റിൻ പറഞ്ഞത് കേരള കോൺഗ്രസ് പ്രവർത്തകരുടെ ആഗ്രഹം": ജോസ് കെ. മാണി

പാർട്ടി ചെയർമാൻ മത്സരിക്കണമെന്ന് ആഗ്രഹം കേരള കോൺഗ്രസിലെ എല്ലാ പ്രവർത്തകർക്കും ഉണ്ടെന്ന് ജോസ് കെ. മാണി

Author : ശാലിനി രഘുനന്ദനൻ

കോട്ടയം: പാർട്ടി ചെയർമാൻ മത്സരിക്കണമെന്ന് ആഗ്രഹം കേരള കോൺഗ്രസിലെ എല്ലാ പ്രവർത്തകർക്കും ഉണ്ടെന്ന് ജോസ് കെ. മാണി പറഞ്ഞു. പാലായിൽ തന്നെ മത്സരിക്കണമെന്ന ആഗ്രഹവും അവർക്കുണ്ട്. മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞതും അതാണെന്ന് ജോസ്. കെ. മാണി വിശദീകരിച്ചു. പാർട്ടി തീരുമാനിച്ചു എന്നല്ല പാർട്ടി തീരുമാനിക്കും എന്നാണ് റോഷി പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലായി പറഞ്ഞുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്.

പാർട്ടി തീരുമാനിച്ച് തീരുമാനം അറിയിക്കും കെ. എം. മാണിയുടെ കാലം മുതൽ പാർട്ടിയുടെ പതിവ് അതാണ്. പാലായിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി മത്സരിക്കുമെന്ന് ആവർത്തിച്ച മന്ത്രി റോഷി അഗസ്റ്റിന്റെ നിലപാടിലായിരുന്നു പ്രതികരണം. പാർട്ടി ചെയർമാൻ മത്സരിക്കില്ലെന്ന് ആരും പറഞ്ഞിട്ടില്ല എന്നും റോഷി വ്യക്തമാക്കി.

കേരള കോൺഗ്രസ് പൊട്ടിമുളച്ചുവന്ന പാർട്ടിയല്ല. കേരള കോൺഗ്രസ് എംഎൽഎമാർ മത്സരിക്കില്ലെന്ന് ആരെങ്കിലും പറഞ്ഞോ? അവർ ഇടുക്കിക്കാർക്കൊപ്പം എന്നും ഉണ്ടാകുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. പാലായിൽ താൻ മത്സരിക്കുമെന്ന് മൈക്ക് പിടിച്ചുവാങ്ങി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചതിൽ വിശദീകരണവുമായി കഴിഞ്ഞ ദിവസം ജോസ് കെ. മാണി രംഗത്തെത്തിയിരുന്നു.

പാലായില്‍ താന്‍ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞത് സ്നേഹക്കൂടുതല്‍ ഉള്ളതുകൊണ്ടാണെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. സ്ഥാനാർഥിത്വം തീരുമാനിക്കുക പാർട്ടിയാണെന്നും ജോസ് കെ. മാണി പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി പാലായിൽ മത്സരിക്കുമെന്ന് അടിമാലിയിലെ പൊതു പരിപാടിയിലായിരുന്നു റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചത്.

SCROLL FOR NEXT