ജോസ് നെല്ലേടം Source: News Malayalam 24x7
KERALA

"ഇനിയൊരു കുടുംബത്തെ കൂടി അനാഥമാക്കാൻ ആഗ്രഹിക്കുന്നില്ല"; പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് ജോസ് നെല്ലേടത്തിൻ്റെ കുടുംബം

തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയതിൽ പങ്കുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയായിരുന്നു ജോസ് നെല്ലേടത്തിൻ്റെ മരണം

Author : ന്യൂസ് ഡെസ്ക്

വയനാട്: പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് ജീവനൊടുക്കിയ പ്രാദേശിക കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിൻ്റെ കുടുംബം. പ്രതികരണങ്ങൾ നടത്തി ഒരു കുടുംബത്തെ കൂടി അനാഥമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു കുടുംബം പറഞ്ഞത്. ജോസ് നെല്ലേടത്തിനെതിരെ മോശം പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇന്ന് തന്നെ പൊലീസിൽ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.

തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയതിൽ പങ്കുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയായിരുന്നു ജോസ് നെല്ലേടത്തിൻ്റെ മരണം. എന്നാൽ പ്രാഥമിക അന്വേഷണം നടത്താതെയാണ് തങ്കച്ചനെ അറസ്റ്റ് ചെയ്തതെന്ന്, ജോസ് നല്ലേടം പ്രാദേശിക ലേഖകന് നൽകിയ പ്രതികരണത്തിൽ പറഞ്ഞിരുന്നു. സാമൂഹ മാധ്യമങ്ങളിൽ നടക്കുന്ന തെറ്റായ പ്രചരണം തന്റെ ചോരയ്ക്ക് വേണ്ടിയാണെന്നും വ്യക്തിഹത്യ സഹിക്കാനാകുന്നില്ലെന്നും മരിക്കും മുൻപ് ജോസ് നെല്ലേടത്ത് പറഞ്ഞിരുന്നു.

"ജനജാഗ്രതാ സമിതിയുടെ ഭാഗമായി പൊലീസിന് നേരത്തെയും വിവരം നൽകിയിരുന്നു. എന്നാൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയില്ല. താൻ അഴിമതിക്കാരനാണെന്ന് പ്രചാരണം നടക്കുന്നു. തന്റെ പ്രവർത്തനങ്ങളിൽ അസൂയയുള്ള ആളുകളാണ് ഇതിന് പിന്നിൽ. അനർഹമായ ഒന്നും കൈപ്പറ്റാതെ ആണ് ഇതുവരെ പൊതുപ്രവർത്തനം നടത്തിയത്. വ്യക്തിയെന്ന നിലയിൽ താങ്ങാൻ കഴിയുന്ന കാര്യങ്ങളല്ല നടക്കുന്നത്. മുന്നിലെത്തിയ എല്ലാവരെയും സഹായിച്ചിട്ടുണ്ട്. വലിയ അഴിമതിക്കാരനായി മുദ്രകുത്തുന്നു. 50 ലക്ഷത്തിലധികം സാമ്പത്തിക ബാധ്യതയുണ്ട്", ജോസ് നല്ലേടം പ്രാദേശിക ലേഖകനോട് പറഞ്ഞു.

അതേസമയം ജോസിനെ തകർക്കാൻ ഗൂഢാലോചന നടന്നുവെന്നും, ഇതിന് പിന്നിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ജോസിന്റെ വളർച്ച പാർട്ടിയിലെ ചിലർക്ക് അസ്വാരസ്യങ്ങളുണ്ടാക്കിയിരുന്നു. ജോസിനെ തകർക്കുക എന്ന ഗൂഢലക്ഷ്യം ചിലർക്കുണ്ടായിരുന്നു. ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ തന്നെയാണ് ഇതിന് പിന്നിൽ. തങ്കച്ചനെ യഥാർഥത്തിൽ ട്രാപ്പിൽപ്പെടുത്തിയ ആളെ ഇതുവരെ പിടിച്ചിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT