Source: Social Media
KERALA

യുഡിഎഫ് സർക്കാരുകളുടെ കീഴിൽ ഫോട്ടോസ്റ്റാറ്റ് കോപ്പി മാത്രം വച്ച് പഠിച്ച ഒരു കാലം ഉണ്ടായിരുന്നു; ചെന്നിത്തലയെ വിമർശിച്ച് ഗണേഷ് കുമാർ

അധ്യയന വർഷം അവസാനിക്കുന്ന ദിവസങ്ങളിൽ തന്നെ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്ന നിലയിലേക്ക് നമ്മുടെ നാട് വളർന്നിരിക്കുന്നു

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: സ്കൂൾ പാഠപുസ്തക വിതരണം നേരത്തെ ആക്കിയതിനെ പരിഹസിച്ച രമേശ് ചെന്നിത്തലയെ വിമർശിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മുൻപ് യുഡിഎഫ് സർക്കാരുകളുടെ കീഴിൽ അധ്യയന വർഷം ആരംഭിച്ചിട്ടും പാഠപുസ്തകങ്ങൾ ലഭിക്കാതെ ഫോട്ടോസ്റ്റാറ്റ് കോപ്പി മാത്രം വച്ച് പഠിച്ച ഒരു കാലം നമ്മൾക്ക് ഉണ്ടായിരുന്നു, അതിൽ നിന്നെല്ലാം നമ്മുടെ നാടും വിദ്യാഭ്യാസ സമ്പ്രദായങ്ങളും ഇന്ന് ഏറെ മാറിയെന്നും മന്ത്രി ഓർമിപ്പിച്ചു.

പൊതുവിദ്യാഭാസ രംഗത്ത് നമ്മുടെ സർക്കാർ വിപ്ലവകരമായ മാറ്റങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ഈ നേട്ടത്തെ മുൻ പ്രതിപക്ഷ നേതാവ് 'തുഗ്ലക്ക് പരിഷ്കാരം' എന്ന് ആക്ഷേപിക്കുന്നത് അപലപനീയമാണെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാണിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

"മുൻപ് യുഡിഎഫ് സർക്കാരുകളുടെ കീഴിൽ അധ്യയന വർഷം ആരംഭിച്ചിട്ടും പാഠപുസ്തകങ്ങൾ ലഭിക്കാതെ ഫോട്ടോസ്റ്റാറ്റ് കോപ്പി മാത്രം വച്ച് പഠിച്ച ഒരു കാലം നമ്മൾക്ക് ഉണ്ടായിരുന്നു. അതിൽ നിന്നെല്ലാം നമ്മുടെ നാടും വിദ്യാഭ്യാസ സമ്പ്രദായങ്ങളും ഇന്ന് ഏറെ മാറി, നമ്മുടെ രണ്ടു ഇടതുപക്ഷ സർക്കാരുകളും ചേർന്ന് മാറ്റിയെടുത്തു എന്നുതന്നെ പറയാം. അധ്യയന വർഷം അവസാനിക്കുന്ന ദിവസങ്ങളിൽ തന്നെ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്ന നിലയിലേക്ക് നമ്മുടെ നാട് വളർന്നിരിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ എന്റെ പത്തനാപുരം നിയോജക മണ്ഡലത്തിൽ മാത്രം 48 സ്‌കൂളുകൾ പണിതു എന്ന് പറഞ്ഞപ്പോൾ പരിഹസിച്ച കോൺഗ്രസ് കാരും യുഡിഎഫ് കാരുമുണ്ട്. 48 അല്ലാ 57 സ്ക്കൂളുകൾക്കാണ് ബഹുനില കെട്ടിടങ്ങൾ പത്തനാപുരം മണ്ഡലത്തിൽ മാത്രം പണിതത്. ഇത് പത്തനാപുരം നിയോജക മണ്ഡലത്തിന്റെ മാത്രം കാര്യം. അതുപോലെ എത്ര എത്ര പുതിയ ഹൈടെക്ക് ബഹുനില കെട്ടിടങ്ങളാണ് ഭരണ-പ്രതിപക്ഷ എംഎൽഎ വ്യത്യാസമില്ലാതെ മിക്ക നിയോജക മണ്ഡലങ്ങളിലും ഈ സർക്കാർ പണിതത്. പൊതുവിദ്യാഭാസ രംഗത്ത് നമ്മുടെ സർക്കാർ വിപ്ലവകരമായ മാറ്റങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ഈ നേട്ടത്തെ മുൻ പ്രതിപക്ഷ നേതാവ് 'തുഗ്ലക്ക് പരിഷ്കാരം' എന്ന് ആക്ഷേപിക്കുന്നത് അപലപനീയമാണ്. "

ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടി ജയിച്ചോ എന്നറിയാതെ പുതിയ പുസ്തകം കൊടുത്തിട്ട് എന്ത് കാര്യമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഹാസം. പരീക്ഷ പേപ്പർ നോക്കാതെ കുട്ടി ജയിച്ചോ എന്ന് എങ്ങനെ അറിയും? വി. ശിവൻകുട്ടിയാണോ ഇതൊക്കെ തീരുമാനിക്കുന്നത്. ഇതൊക്കെ തുഗ്ലക്ക് പരിഷ്കാരമാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ചെന്നിത്തലയെ വിമശിച്ച് മുഖ്യമന്ത്രിയും, വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചിരുന്നു.

SCROLL FOR NEXT