തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് താനാണെന്ന വെള്ളാപ്പള്ളി നടേശൻ്റെ പരാമർശത്തിൽ പ്രതികരിച്ച് കെ.സി. വേണുഗോപാൽ. വെള്ളാപ്പള്ളി പറഞ്ഞതിനെ കുറിച്ച് അയാളോട് ചോദിക്കണമെന്നും മുഖ്യമന്ത്രി ചർച്ചയ്ക്ക് താൽപ്പര്യമില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ.സി. വേണുഗോപാൽ ആണെന്നും, മുഖ്യമന്ത്രിയാകാൻ കെ.സി അയോഗ്യനാണ് എന്ന് താൻ പറയില്ലെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ ആരാണ് യോഗ്യൻ എന്ന് ഞാൻ പറയില്ലെന്നും ജയിച്ചു വന്നാൽ കോൺഗ്രസിലെ എല്ലാവരും മുഖ്യമന്ത്രിയാകാൻ യോഗ്യരാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
വി.ഡി. സതീശൻ പ്രവർത്തിച്ചത് മുഴുവൻ ടിവിയിൽ മാത്രമാണ്. രമേശ് ചെന്നിത്തലയെയും അപ്രസക്തൻ ആക്കാൻ സാധിക്കില്ലെന്നും കോൺഗ്രസിൻ്റെ അത്യുന്നത പദങ്ങളിൽ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് ചെന്നിത്തലയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ലീഗിനെ നയിക്കുന്നത് തങ്ങൾമാരാണ്. മുസ്ലീങ്ങൾ എല്ലാം സംഘടിച്ച് ശക്തരായി എന്നും, എല്ലാ അവകാശങ്ങളും കൊണ്ടുപോയെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരള കോൺഗ്രസിന് പിന്നിൽ പിതാക്കൻമാരാണ് . ആത്മീയ ശക്തിയുടെ ഭാഗമായി അവരെല്ലാം നേടിയെടുത്തു. രാജ്യത്ത് ജനാധിപത്യം പോയി മതാധിപത്യം വന്നെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചിരുന്നു.