തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായുള്ള നിയമന ഉത്തരവ് കൈയില്‍ കിട്ടിയെന്ന് കെ. ജയകുമാര്‍. നവംബര്‍ 15 ശനിയാഴ്ച പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. പതിനാറിന് ശബരിമലയില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
വലിയ ജോലിയാണ് തന്നെ ചെയ്യാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ചെയ്യാന്‍ സാധിക്കുമെന്നാണ് വിശ്വാസം. ശബരിമല സീസണില്‍ തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം കാര്യങ്ങള്‍ ക്രമീകരിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.
രണ്ട് വര്‍ഷത്തേക്കാണ് കെ. ജയകുമാറിന് നിയമന ഉത്തരവ്. അടുത്ത വെള്ളിയാഴ്ച മുതല്‍ നിയമന ഉത്തരവ് പ്രാബല്യത്തില്‍ വരും. മുന്‍ മന്ത്രി കെ. രാജുവിനെ ദേവസ്വം ബോര്‍ഡ് അംഗമായി നിയമിച്ചുള്ള ഉത്തരവും പുറത്തിറങ്ങി.
മുന്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലരും നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടറുമാണ് ജയകുമാര്‍. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായിരുന്നു. കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലും മികവ് കാഴ്ചവെച്ചിട്ടുണ്ട്. വരാനിരിക്കുന്ന ശബരിമല സീസണ് മുന്‍ഗണന നല്‍കുമെന്ന് ജയകുമാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
തീര്‍ഥാടനകാലം അടുത്തെത്തിയിരിക്കെയാണ് നിയോഗം ലഭിച്ചത്. തീര്‍ഥാടനം ഭംഗിയായി നടത്തണം. അതിനായിരിക്കും മുന്‍ഗണന നല്‍കുക. പരാതിക്കിടയില്ലാതെ സാധാരണക്കാരായ ഭക്തര്‍തക്ക് ദര്‍ശന സൗകര്യം ഒരുക്കും. മറ്റുകാര്യങ്ങളെ കുറിച്ചൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.