തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ലോഡ് ഷെഡിങ്ങും ഏർപ്പെടുത്തില്ലെന്നും വൈദ്യുതി വാങ്ങാനുള്ള കരാറുകൾ തുടരുമെന്നും മന്ത്രി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഹ്രസ്വകാല കരാറുകൾ തന്നെ മതിയാവും. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റെഗുലേറ്ററി കമ്മീഷൻ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈദ്യുതി കമ്പനികൾക്ക് നൽകാനുള്ള തുക ഉടൻ നൽകാൻ സുപ്രീം കോടതി ഉത്തരവുണ്ട്. അത് നിരക്ക് വർധിപ്പിക്കാതെ കൊടുത്ത് തീർക്കാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം, നിവൃത്തിയിലെങ്കിൽ മാത്രം നിരക്ക് വർധിപ്പിക്കുകയുള്ളുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.