കേരളത്തെ കീഴടക്കുന്ന ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർക്കാൻ ലക്ഷ്യമിട്ട് പ്രൗഡ് കേരളയുടെ ആഭിമുഖ്യത്തിൽ രമേശ് ചെന്നിത്തല നയിക്കുന്ന 'വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സ്' സമൂഹ നടത്തം ആലപ്പുഴ ബീച്ചിൽ. കെ.സി. വേണുഗോപാൽ എംപി വോക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെത്തും. ബെംഗളൂരുവിലെ കെ.എസ്.ആർ റെയിൽവേ സ്റ്റേഷനിൽ മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ടത്തിനും പ്രധാനമന്ത്രി തറക്കല്ലിടും.
ഡൊണാൾഡ് ട്രംപ്-വ്ലാഡിമർ പുടിൻ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ. കൂടിക്കാഴ്ച റഷ്യ- യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ വഴിത്തിരിവാകുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവന. ഇത് യുദ്ധത്തിൻ്റെ കാലഘട്ടമല്ലന്ന് പറഞ്ഞ ഇന്ത്യ, സമാധാന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഓഗസ്റ്റ് 15ന് അലാസ്കയിലാണ് ട്രംപ്-പുടിൻകൂടിക്കാഴ്ച .
Statement by Official Spokesperson⬇️
— Randhir Jaiswal (@MEAIndia) August 9, 2025
🔗 https://t.co/22vVtFYFOh pic.twitter.com/zWvhRSRlhp
കോഴിക്കോട് ഇരട്ട കൊലപാതകത്തിൽ പ്രമോദിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. സഹോദരിമാരെ പ്രമോദ് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരണവിവരം അയൽവാസികളെ അറിച്ചതും പ്രമോദാണ്.
തലശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ ഡിവൈഎഫ്ഐ. പാംപ്ലാനി പിതാവിന് നിയോ മുള്ളറുടെ അവസ്ഥയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ജയിലിൽ അടക്കുന്നതുവരെ ഹിറ്റ്ലറെ വാഴ്ത്തിപാടിയ ആളാണ് നിയോ മുള്ളർ. ചില പിതാക്കന്മാർ ഇപ്പോൾ ആർ എസ് എസിന് കുഴലൂത്ത് നടത്തുകയാണെന്നും സനോജ് പറഞ്ഞു.
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും ഫോണുകൾ പിടികൂടി. ഉത്തരമേഖല ജയിൽ ഡിഐജി ഇന്നലെ നടത്തിയ പരിശോധനയിലാണ് മൂന്ന് ഫോണുകൾ പിടികൂടിയത്. രണ്ട് വീതം ചാർജറുകളും ഇയർഫോണുകളും പിടികൂടി.
മദ്യവിൽപ്പന ഓൺലൈനാക്കാൻ ആലോചന. സർക്കാരിന് ശുപാർശ നൽകി ബെവ്കോ എംഡി. മദ്യവിൽപ്പനയ്ക്കായി സ്വിഗ്ഗി താത്പര്യം അറിയിച്ചിട്ടുണ്ട്. ബെവ്കോയുടെ സ്വന്തം ആപ്ളിക്കേഷനും തയ്യാറാണ്. കഴിഞ്ഞ മാസമാണ് ശുപാർശ നൽകിയതെന്നും സർക്കാർ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ബെവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി ന്യൂസ് മലയാളത്തോട് പറഞ്ഞു.
പാതിവില തട്ടിപ്പ് കേസിൽ ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണനെ പ്രതി ചേർക്കില്ല. എ.എൻ. രാധാകൃഷ്ണനെ ക്രൈം ബ്രാഞ്ച് കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തിരുന്നു. കേസിൽ രണ്ട് മാസത്തിനകം കുറ്റപത്രം സമർപ്പിക്കും.
കൊല്ലം സ്വദേശിനി അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ സ്വകാര്യ ബസിന് തീപിടിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസിൽ പുക ഉയർന്നതോടെ യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
കേരള കോൺഗ്രസ് എമ്മിന് എതിരായ വിമർശനങ്ങളിൽ സിപിഐക്ക് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ. ഇടതുമുന്നണിയിൽ കേരള കോൺഗ്രസിന്റെ പങ്ക് ചെറുതല്ലെന്നായിരുന്നു റോഷി അഗസ്റ്റിൻ്റെ പ്രസ്താവന. കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം ഇടതുമുന്നണിയെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. അതേസമയം ജോസ് കെ. മാണി കടുത്തുരുത്തിയിൽ മത്സരിക്കാനുള്ള സാധ്യത തള്ളാതെയുമായിരുന്നു റോഷി അഗസ്റ്റിന്റെ പ്രതികരണം.
മലപ്പുറം തിരൂരിൽ ഒന്നാം ക്ലാസുകാരിയെ കാറിടിച്ച വിവരം സ്കൂൾ അധികൃതർ മറച്ചുവെച്ചെന്ന് പരാതി. തിരൂർ എംഇഎസ് സെൻട്രൽ സ്കൂളിന് എതിരെയാണ് രക്ഷിതാക്കളുടെ പരാതി. കുട്ടി സ്കൂളിൽ വീണു എന്ന് മാത്രമാണ് അറിയിച്ചതെന്ന് രക്ഷിതാക്കൾ. എന്നാൽ വിവരം അറിഞ്ഞിരുന്നില്ലെന്ന് സ്കൂൾ അധികൃതരുടെ വിശദീകരണം. ജൂലൈ 31ന് നടന്ന അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത്.
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കാർ മതിലിലിടിച്ച് അപകടം. അഞ്ച് പേർക്ക് ഗുരുതര പരിക്കേറ്റു. മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടം നടന്നത്. ഒരു പുരുഷനും നാല് സ്ത്രീകളുമാണ് കാറിൽ ഉണ്ടായിരുന്നത്. ആരാധ്യ (12), സിന്ധു (52), അക്ഷയ് (29), ഭവ്യ (26), സരസ്വതി അമ്മ (79) എന്നിവർക്കാണ് പരിക്കേറ്റത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
കൊല്ലം സ്വദേശിനി അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിന് മുൻകൂർ ജാമ്യം. വെള്ളിയാഴ്ച സതീഷിന് കൊല്ലം ജില്ലാ കോടതി ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. അന്വേഷണത്തോട് സഹകരിക്കാൻ സതീഷ് തയ്യാറാണെന്ന് സതീഷിൻ്റെ അഭിഭാഷകൻ മുനീർ പറഞ്ഞു. മുൻകൂർ ജാമ്യം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സതീഷ് നാട്ടിലേക്ക് തിരിച്ചെത്തിയത് എന്ന് അഭിഭാഷകൻ കൂട്ടിച്ചേർത്തു. ഇന്ന് തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. അരൂക്കുറ്റി സ്വദേശിയായ 16 കാരിയാണ് പ്രസവിച്ചത്. സംഭവത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ ബന്ധുവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ലോഡ് ഷെഡിങ്ങും ഏർപ്പെടുത്തില്ലെന്നും മന്ത്രി അറിയിച്ചു.
സതീഷിന് പരമാവധി ശിക്ഷ നൽകണമെന്ന് അതുല്യയുടെ അച്ഛൻ എസ് രാജശേഖരൻ പിള്ള. ജാമ്യം റദ്ദാക്കുന്നതിന് കോടതിയെ സമീപിക്കുന്നതിനെ കുറിച്ച് നിയമവിദഗ്‌ധരുമായി ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‌യു നേതാവ്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരാണ് സുരേഷ് ഗോപിയെ കാണാനില്ലെന്ന് തൃശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. കന്യാസ്ത്രീമാർക്കെതിരെ അതിക്രമം ഉണ്ടായത് മുതൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്നാണ് പരാതി.
കാർ പോർച്ചിൽ കിടന്ന കാറിന് ടോൾ പിരിച്ചതായി പരാതി. ഇടപ്പള്ളിയിൽ കിടന്ന കാർ, തൃശൂർ പാലിയേക്കര ടോൾ പ്ലാസ കടന്നു പോയതായ് ഫോണിൽ സന്ദേശം ലഭിക്കുകയായിരുന്നു. ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് 90 രൂപയും നഷ്ടമായി. മുൻ ജില്ലാ ഗവണ്മെന്റ് പ്ലീഡർ പി.കെ. സജീവന്റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപെട്ടത്. സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.
ശ്വേതാ മേനോനെതിരെ പരാതി നൽകിയ മാർട്ടിൻ മേനാചേരിക്കെതിരെ ലഭിച്ച പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്. പരാതിക്കാരനോട് കോടതിയെ സമീപിക്കാൻ നിർദേശം നൽകും. മാർട്ടിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും,നിരോധിത പോൺ വീഡിയോകൾ കണ്ടതിനും കേസെടുക്കണമെന്നായിരിന്നു കോഴിക്കോട് സ്വദേശിയുടെ പരാതി. ഇതിൽ എറണാകുളം സെൻട്രൽ പൊലീസ് നിയമോപദേശം തേടിയിരുന്നു.
കോഴിക്കോട് കുന്ദമംഗലത്ത് ബസിൽ വിദ്യാർഥികളെ കയറ്റാത്ത സംഭവത്തിൽ നടപടിയെടുത്ത് ആർടിഒ. സ്വകാര്യ ബസ് കണ്ടക്ടറോടും ഡ്രൈവറോടും ആർടിഒ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. നാളെ കോഴിക്കോട് ഓഫീസിലെത്തി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണം. നാദാപുരം വാണിമേൽ വെള്ളിയോടിന് സമീപം നിരവധി പേർക്ക് തെരുവ് നായുടെ കടിയേറ്റു.
ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ ഭർത്താവ് സതീഷിന് മുൻകൂർ ജാമ്യം. അതുല്യയുടേത് കൊലപാതകമാണെന്നതിന് നിലവിൽ തെളിവുകൾ ഇല്ലെന്ന് കോടതി. ദുബായ് പൊലീസ് സതീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കൊല്ലം ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണത്തിൽ പുരോഗതി ഉണ്ടാകുന്നത് വരെ ഇടക്കാല മുൻകൂർ ജാമ്യം തുടരുമെന്നും കോടതി അറിയിച്ചു.
കണ്ണൂർ മട്ടന്നൂരിൽ കോടികളുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ രണ്ട് പ്രതികൾ ചെന്നൈയിൽ നിന്നും പിടിയിലായി. ചെന്നൈ സ്വദേശി മെഹബൂബ് ഷാ, എറണാകുളം സ്വദേശി റിജാസ് എന്നിവരാണ് പിടിയിലായത്. ഓൺലൈൻ തട്ടിപ്പിലൂടെ കണ്ണൂരിലെ ഡോക്ടർറിൽ നിന്നും നാലുകോടിയിലധികം രൂപയാണ് തട്ടിയെടുത്തത്.
വനം വകുപ്പ് വാഹനത്തിന് നേരെ കാട്ടാന ആക്രമണം. പാലക്കാട് അട്ടപ്പാടി പുളിയപ്പതിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. വനംവകുപ്പിൻ്റെ ജീപ്പ് കാട്ടാന തകർത്തു.
സുരേഷ് ഗോപിയുടെ ഓഫീസിന് പ്രത്യേക പൊലീസ് സുരക്ഷ ഏർപ്പെടുത്തി. സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന് പിന്നാലെയാണ് നടപടി. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരാണ് സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് തൃശൂർ ചേറൂർ ഓഫീസിൽ സുരക്ഷയ്ക്ക് പൊലീസിനെ വിന്യസിപ്പിച്ചത്.
തിരുവനന്തപുരത്ത് ഡ്രൈവിങ് പരിശീലനത്തിനിടെ കാറിടിച്ചു കയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരം. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്.
ഡ്രൈവങ് പരിശീലനത്തിനിടെ കാറിടിച്ചു കയറിയുണ്ടായ അപകടത്തിൽ പ്രതികരിച്ച് ആർടിഒ വി.എസ് അജിത്കുമാർ. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടകാരണമെന്നും വണ്ടിക്ക് മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഇല്ലെന്നും ആർടിഒ അറിയിച്ചു. ഉച്ചയോടെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം അപകടമുണ്ടായത്.
ആലുവ തോട്ടുമുഖത്ത് വിവാഹത്തലേന്ന് കോൽക്കളി നടത്തുന്നതിനിടെ കോൽക്കളി സംഘത്തിലെ അംഗം കുഴഞ്ഞുവീണു മരിച്ചു. മുസ്ലിം ലീഗ് എടയപ്പുറം ശാഖ വൈസ് പ്രസിഡൻ്റ് മാനടത്ത് എം.എം. അലി (57) ആണ് മരിച്ചത്.
കോഴിക്കോട് കൊയിലാണ്ടിയിൽ കാറില്‍ കടത്തിയ 180 കുപ്പി വിദേശമദ്യം എക്സൈസ് പിടികൂടി. മാഹി പള്ളൂര്‍ സ്വദേശി ശ്യാമിന് എതിരെ അബ്കാരി നിയമപ്രകാരം കേസെടുത്ത് എക്‌സൈസ് അറസ്റ്റ് ചെയ്തു. മദ്യം കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
കണ്ണൂർ ശ്രീസ്ഥയിൽ മക്കളുമായി കിണറ്റിൽ ചാടിയ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. ആറ് വയസുകാരൻ്റെ മരണത്തെ തുടർന്നാണ് കീഴറ സ്വദേശി ധനജക്കെതിരെ കേസെടുത്തത്. ഇന്ന് രാവിലെയാണ് ചികിത്സയിലിരിക്കെ മകൻ ധ്യാൻ കൃഷ്ണ മരിച്ചത്.
ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് സാന്ദ്രയ്ക്ക് മത്സരിക്കാൻ ആകില്ലെന്ന് വിജയ് ബാബു. സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് കമ്പനിക്കാണ്, വ്യക്തിക്കല്ല. ഫ്രൈഡേ ഫിലിം ഹൗസിമായുള്ള സാന്ദ്രയുടെ ബന്ധം 10 വർഷം മുമ്പേ കോടതി മുഖേന വേർപ്പെടുത്തിയതാണെന്നും വിജയ് ബാബു പറഞ്ഞു. അതേസമയം, സാന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സ്വന്തം കമ്പനിയുടെ പേരിൽ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്നും വിജയ് ബാബു അറിയിച്ചു.
നടി ശ്വേതാ മേനോന് പിന്തുണയുമായി മന്ത്രി സജി ചെറിയാൻ. കരുത്തുറ്റ സ്ത്രീയാണ് ശ്വേത എന്നും സിനിമാ സംഘടനകളുടെ നേതൃനിരയിലേക്ക് സ്ത്രീകൾ വരുന്നതാണ് നല്ലതെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമ സംഘടനയിലെ പ്രശ്നങ്ങൾ അംഗങ്ങൾ തന്നെ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കോഴിക്കോട് പൂവ്വാട്ടുപറമ്പിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പെരുമണ്ണ സ്വദേശി എടത്തൊടികയിൽ ഉമർ ഫാറൂഖാണ് പൊലീസ് പിടിയിലായത്. ഉമർ ഫറൂഖിൽ നിന്ന് 16.2 9 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. കോഴിക്കോട് ജില്ലയുടെ വിവിധ മേഖലകളിൽ വിദ്യാർഥി ഉൾപ്പെടെയുള്ളവർക്ക് ലഹരി വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനിയാണ് ഉമർ ഫാറൂഖ് എന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് പേരാമ്പ്രയിൽ സ്കൂട്ടിയിൽ പിക്കപ്പ് വാഹനമിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. പന്നിമുക്ക് സ്വദേശി ഷിജിത(46) മകൾ ശ്രീയുക്ത(24) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും പേരാമ്പ്രയിലെ ഇഎംഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. ആംബുലൻസിലുണ്ടായിരുന്ന രോഗി കുഞ്ഞിരാമൻ (89), കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്.
കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ആംബുലൻസും കൂനംമൂച്ചി സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിഞ്ഞു. പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുരേഷ് ഗോപിയുടേത് സമാനതകളില്ലാത്ത രാഷ്ട്രീയ വിജയം ആണെന്ന് ബിജെപി നേതാവ് എം. ടി. രമേശ്. സുരേഷ് ഗോപിയുടെ വിജയം കുറച്ചു കാണിക്കാനും തൃശൂരിലെ വോട്ടർമാരെ അപമാനിക്കാനുമാണ് യുഡിഎഫും എൽഡിഎഫും ശ്രമിക്കുന്നത്. സുരേഷ് ഗോപിയുടെ വിജയത്തിൽ നിന്ന് കോൺഗ്രസും സിപിഐഎമ്മും മുക്തരായിട്ടില്ല.
പൂരം വിവാദം ക്ലച്ച് പിടിക്കാതെ ആയതോടെയാണ് വോട്ടർപട്ടികക്കു പിറകെ പോകുന്നത്. ബിജെപി വ്യാപകമായി വോട്ട് ചേർത്ത് എന്നത് ശരിയാണ് എന്നാൽ എല്ലാ നടപടികളും നിയമാനുസൃതം മാത്രമാണെന്നും എം. ടി. രമേശ് പറഞ്ഞു.
ഡിസിസി പുനഃസംഘടനയിൽ പാർട്ടിക്ക് ഒരു തിരക്കുമില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. പാർട്ടിയിൽ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകാമെന്നും എല്ലാവരുമായും ചർച്ച നടത്തുന്നുണ്ടെന്നും സണ്ണി ജോസഫ് അറിയിച്ചു.
ചിലരുടെ നിലനിൽക്കാത്ത കുതന്ത്രങ്ങൾ മറനീക്കി പുറത്തു വരുന്നു, ഒരു തമാശയായി മാത്രം നമുക്കതിനെ കാണാം എന്ന് തുടങ്ങുന്ന കുറിപ്പാണ് സാന്ദ്ര ഫേസ്ബുക്കിൽ പങ്കുവെച്ചത്. നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിൻ്റെ സർട്ടിഫിക്കറ്റ് അല്ല, മറിച്ച് അസോസിയേഷൻ്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ്, അത് കോടതി വിലയിരുത്തുമെന്നും സാന്ദ്ര പറഞ്ഞു.
രാഹുൽ ഗാന്ധിയെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധി 10 തവണ വെക്കേഷന് പോകുന്നയാളാണ്. അദ്ദേഹത്തിന് ഇവിടുത്തെ ജനാധിപത്യ സംവിധാനം അറിയില്ല. മൂന്നുദിവസം നാലുദിവസം കൂടുമ്പോൾ രാഹുൽ ഗാന്ധി നാടകം നടത്തുന്നു. ശ്രദ്ധ തിരിക്കാനുള്ള രാഹുലിൻ്റെ ശ്രമമാണിത് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഡോ. കെ.വി. വിശ്വനാഥനെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറായി സ്ഥിര നിയമനം നൽകാനുള്ള നീക്കം ചട്ടം ലംഘിച്ചെന്ന് പരാതി. നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ നിർദേശവും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിയും അട്ടിമറിച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരൻ കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തുന്ന വാക്ക് എഗൻസ്റ്റ് ഡ്രഗ്സ് - ലഹരിക്കെതിരെ സമൂഹ നടത്തം - വാക്കത്തോൺ പരിപാടിയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മയക്കുമരുന്ന് അടക്കമുള്ള മനുഷ്യനെ അപായപ്പെടുത്തുന്ന ലഹരിക്കെതിരെ സംസ്ഥാന സർക്കാർ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് കക്ഷി രാഷ്ട്രീയ ഭേദമന്യേ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും വി. ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
30 ലക്ഷം രൂപ വില വരുന്ന ഹെറോയിനുമായി സ്ത്രീയടക്കം രണ്ടുപേരെ പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ പിടികൂടി. അസാം സ്വദേശികളായ നൂർ അമീൻ (29), ഹിബ്ജുൻ നഹർ (25) എന്നിവരാണ് പിടിയിലായത്. പ്രതികളുടെ കൈവശം ഉണ്ടായിരുന്ന ബാഗിനുള്ളിൽ 14 ബോക്സുകളിൽ ആയാണ് ഫെറോയിൻ സൂക്ഷിച്ചിരുന്നത്. ട്രെയിൻ മാർഗ്ഗം ആലുവയിൽ എത്തിയ പ്രതികൾ അവിടെനിന്ന് ഓട്ടോറിക്ഷയിൽ പോഞ്ഞാശേരി ഭാഗത്ത് എത്തുകയായിരുന്നു. അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ലഹരിവസ്തുക്കൾ കൊണ്ടുവരുന്നത്.
കോട്ടയത്ത് സിപിഐക്ക് പുതിയ സെക്രട്ടറി. വി.കെ. സന്തോഷ് കുമാറിനെയാണ് പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വൈക്കത്ത് ചേർന്ന സിപിഐ ജില്ലാ സമ്മേളനത്തിലാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. പൂഞ്ഞാർ സ്വദേശിയായ സന്തോഷ് കുമാർ എഐടിയുസി ജില്ലാ സെക്രട്ടറിയാണ്. 2022 ലെ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി സന്തോഷ് കുമാറിന്റെ പേര് പരിഗണിച്ചില്ലെങ്കിലും മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തുന്ന വാക്ക് എഗൻസ്റ്റ് ഡ്രഗ്സ് പരിപാടിയെ അഭിനന്ദിച്ച് ജി. സുധാകരൻ. കേരളത്തിലെ ജനജീവിതത്തിന് അപകടകരമായി മാറികൊണ്ടിരിക്കുന്ന മയക്കുമരുന്ന് എന്ന മഹാ വിപത്തിനെതിരെ നരമേശ് ചെന്നിത്തല നയിക്കുന്ന സന്ദേശ പ്രചരണ ജാഥയ്ക്ക് അഭിനന്ദനങ്ങൾ. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ ഒരു പ്രചരണ പരിപാടിയാണ് ചെന്നിത്തല നയിച്ചതന്നും ജി. സുധാകരൻ പറഞ്ഞു.
പാലക്കാട് ആലത്തൂരിൽ മാല മോഷണത്തിന് എയ്ഡഡ് സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. ചൂലനൂരിലെ എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റൻ്റ് സമ്പത്ത് ആണ് പിടിയിലായത്. രണ്ടാഴ്ച മുൻപാണ് തൊഴിലുറപ്പ് ജോലി കഴിഞ്ഞു വരുന്ന സ്ത്രീയുടെ മാല ഇയാൾ മോഷ്ടിച്ചത്. മാല ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയ്ക്ക് വിറ്റെന്ന് പ്രതി മൊഴി നൽകി. മാല കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം കാറിടിച്ചു കയറിയുണ്ടായ അപകടത്തിൽ കേസെടുത്ത് പൊലീസ്. പൊതുജനങ്ങളുടെ ജീവന് അപകടം ഉണ്ടാക്കുന്ന വിധത്തിൽ വാഹനം ഓടിച്ചതിനാണ് കേസ്. ഡ്രൈവിങ് പരിശീലനത്തിനിടെയായിരുന്നു കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയത്. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടകാരണം. നാല് പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ രണ്ടുപേരുടെ നില അതീവഗുരുതരമാണ്.
തിരുവനന്തപുരം വർക്കലയിലെ എക്സൈസ് ഓഫീസിൽ ഉദ്യോഗസ്ഥർ തമ്മിൽതല്ലി. പ്രിവൻ്റീവ് ഓഫീസർ ജെസീനും സീനിയർ ഉദ്യോഗസ്ഥൻ സൂര്യനാരായണനും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു സംഭവം
കിറ്റക്സ് ഗ്രൂപ്പ് ഉടമ സാബു ജേക്കബിനെ വെല്ലുവിളിച്ച് കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജൻ. താൻ അഴിമതി നടത്തിയതിന് തെളിവുണ്ടെങ്കിൽ പുറത്ത് വിടണമെന്നാണ് ശ്രീനിജന്റെ വെല്ലുവിളി. നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ച് പറയാമെന്ന് കരുതരുതെന്നും ശ്രീനിജൻ പറഞ്ഞു.
എറണാകുളം ആലുവയിൽ രണ്ട് വിദ്യാർഥികളെ കാണാനില്ലെന്ന് പരാതി. കരുമാലൂർ മനയ്ക്കപ്പടി സ്വദേശികളായ നിരജ് പ്രേംകുമാറിനെയും കാർത്തിക് സന്തോഷിനേയുമാണ് കാണാതായത്. തങ്ങൾ നാടുവിടുകയാണെന്ന് ഇവർ എഴുതിവച്ച കത്ത് കണ്ടെത്തി. ഇന്ന് വൈകിട്ട് 4 മുതലാണ് ഇരുവരേയും കാണാതായത്. രണ്ട് പേരും സൈക്കിളും ബാഗുമായാണ് പോയിട്ടുള്ളത്. സംഭവത്തിൽ ആലുവ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
എറണാകുളം ആലുവയിൽ നിന്ന് കാണാതായ രണ്ട് വിദ്യാർഥികളെ കണ്ടെത്തി. ആലുവ ദേശത്ത് നിന്നുമാണ് പൊലിസ് കണ്ടെത്തി വിദ്യാർഥികളെ കണ്ടെത്തിയത്.
തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുള്ളിൽ യുവാവിൻ്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദ്ദേഹം കണ്ടെത്തി. ആറ്റിങ്ങൽ കോരാണി സ്വദേശി ഗിരിദാസനാണ്(45) മരിച്ചത്. വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വന്നതോടെ അയൽവാസികൾ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്
എറണാകുളം കലൂർ മെട്രോ സ്റ്റേഷൻ മുന്നിൽ കത്തിക്കുത്ത്. തൃശൂർ സ്വദേശിയായ ആൾക്കാണ് കുത്തേറ്റത്. നെഞ്ചിനാണ് കുത്തേറ്റത് മോഷണ ശ്രമത്തിനിടെയാണ് ആക്രമണം എന്നാണ് സംശയം. പൊലീസ് എത്തി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. അക്രമിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.
ചെന്നൈ: തിരുവനന്തപുരം-ഡൽഹി വിമാനത്തിന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്നാണ് വിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തിയത്. എയർ ഇന്ത്യ 2455 വിമാനത്തിനാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
യാത്രക്കാരിൽ കേരളത്തിൽ നിന്നുള്ള അഞ്ച് എംപിമാരും ഉണ്ടായിരുന്നു. കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവരാണ് ഉണ്ടായിരുന്നത്.
ഒരു മണിക്കൂർ പറന്ന ശേഷമാണ് സിഗ്നൽ തകരാർ കണ്ടെത്തിയത്. റഡാർ ബന്ധത്തിൽ തകരാർ ഉണ്ടെന്ന് പൈലറ്റ് അനൗൺസ് ചെയ്കയായിരുന്നു. 7:45ന് ശേഷമാണ് തിരുവനന്തപുരത്ത് നിന്ന് വിമാനം പുറപ്പെട്ടത്.