തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് കെ. മുരളീധരൻ. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട് എന്നായിരുന്നു മുരളീധരൻ്റെ പ്രതികരണം. കൂട്ടത്തിൽ നിർത്താൻ കൊള്ളാത്തവനാണ് എന്ന് മനസിലായി. അതുകൊണ്ടാണ് പാർട്ടി പുറത്താക്കിയത്. ഇനി ബാക്കി കാര്യങ്ങൾക്കൊന്നും ഞങ്ങൾക്ക് ഉത്തരവാദിത്തം ഇല്ല. തെറ്റ് ചെയ്തെന്ന് വ്യക്തമായി. അതുകൊണ്ട് പുറത്താക്കി. അതിനെ കുറിച്ച് കൂടുതൽ ഒന്നു പറയാൻ ഇല്ല.
വടക്കൻ പാട്ടിൽ പറഞ്ഞ പോലെ ഒതേനൻ ചാടാത്ത മതിലുകളില്ലെന്നാണ്, ഇനി രാഹുൽ ജയിൽ ചാടിയാലും ഞങ്ങൾ ഉത്തരവാദി അല്ല. തെറ്റുകാരനെ ന്യായീകരിക്കില്ല. തെറ്റ് കണ്ടാൽ ശിക്ഷിക്കും. അതാണ് പാർട്ടിയുടെ നയം. സ്വർണം കട്ടവരേയും സ്ത്രീ ലമ്പടന്മാരേയും ഞങ്ങൾ ഒരു കാലത്തും പ്രോത്സാഹിപ്പിക്കാറില്ല. രാഹുലിനെതിരെ പാർട്ടി എടുത്ത നടപടി ശരിയായിരുന്നു എന്ന് ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.
ഇന്ന് രാവിലെയോടെയാണ് മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തനംതിട്ട എആർ ക്യാമ്പിൽ വച്ച് രാഹുലിൻ്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. പുലർച്ചെ 12.30ഓടു കൂടിയാണ് രാഹുലിനെ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ വച്ച് എസ്ഐടി കസ്റ്റഡിയിലെടുത്തത്. ഗർഭച്ഛിദ്രം, നിർബന്ധിത ഗർഭച്ഛിദ്രം, ബലാത്സംഗം, പെൺകുട്ടിയുടെ പിതാവിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ, തുടങ്ങിയവയാണ് പെൺകുട്ടി ജി. പൂങ്കുഴലി ഐപിഎസിന് നൽകിയ പരാതിയിൽ പറയുന്നത്.