രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാക്കൾ. പലർക്കും പല അസുഖങ്ങളുണ്ട്, രോഗം പുറത്തു വരുമ്പോഴേ അറിയൂ, ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നായിരുന്നു മുരളീധരൻ്റെ പ്രതികരണം.
ആരോപണം ഉയർന്നപ്പോൾ റിട്ടേൺ കമ്പ്ലൈന്റ് ഇല്ലാഞ്ഞിട്ട് പോലും ധാർമികതയുടെ പേരിൽ പാർട്ടി ആവശ്യപ്പെട്ടതനുസരിച്ച് യൂത്ത് കോൺഗ്രസ് പദവി രാജിവച്ചു. തുടർനടപടികൾ വേണ്ടെന്ന് തീരുമാനിച്ചതാണ്. പക്ഷേ, കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖ കാര്യത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.
കാര്യങ്ങൾ പരിശോധിച്ചു ഉചിതമായ തീരുമാനം എടുക്കും. കുറ്റാരോപിതരെ രക്ഷിക്കുന്ന തീരുമാനം പാർട്ടി എടുക്കില്ല. പരാതി ഔദ്യോഗികമായി ഇതുവരെ ലഭിച്ചിട്ടില്ല. പാർട്ടി ഇത്തരം കാര്യങ്ങൾ ഗൗരവമായി കാണുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.
നമ്മുടെ രാഷ്ട്രീയ എതിരാളികൾ പോലും ഇങ്ങനെയൊരു സീൻ പ്രതീക്ഷിച്ചില്ല. പ്രതീക്ഷിക്കാത്ത സംഭവങ്ങൾ ഉണ്ടാകുമ്പോൾ സാഹചര്യത്തിനനുസരിച്ച് കൈകാര്യം ചെയ്യും. എംഎൽഎ സ്ഥാനം രാജിവെക്കുന്നത് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, രാഹുൽ അടിയന്തരമായി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. നേതാക്കളുമായുള്ള കൂടിയാലോചനയിലാണ് നയം വ്യക്തമാക്കിയത്. രാഹുലിനെതിരെ ഇനി വരാൻ പോകുന്നത് ഗുരുതര വെളിപ്പെടുത്തലുകളാണ്. അത് അംഗീകരിക്കേണ്ട സാഹചര്യം പാർട്ടിക്ക് ഇല്ലെന്നും നേതാക്കളുടെ കൂടിയാലോചനയിൽ തീരുമാനമായിട്ടുണ്ട്. ദീപ ദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.