നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് കെ മുരളീധരൻ. കുടുംബം പോലെയുള്ള മണ്ഡലത്തിൽ സജീവമാണെന്നും, നേതൃത്വമാണ് തീരുമാനം എടുക്കേണ്ടതെന്നും കെ മുരളീധരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ജില്ല വിട്ടുപോയി മത്സരിക്കാൻ താല്പര്യമില്ല, വട്ടിയൂർക്കാവ് ഇക്കുറി തിരിച്ചുപിടിക്കാൻ കഴിയുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. വട്ടിയൂർക്കാവിൽ നിന്ന് മാറ്റിനിർത്തി തന്നെ ഒരു സ്ഥിരം പരീക്ഷണ വസ്തുവാക്കുന്നതിനുള്ള ചർച്ച അവസാനിപ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ല വിട്ടു മറ്റെവിടെയെങ്കിലും തന്റെ പേര് പരാമർശിക്കുന്നുണ്ടെങ്കിൽ ആ ചർച്ചകൾ അവിടെത്തന്നെ നിർത്തണമെന്നും കെ മുരളീധരൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം വട്ടിയൂർക്കാവിൽ സജീവമായി തന്നെയുണ്ട്. സഹോദരി പത്മജ വേണുഗോപാൽ സ്ഥാനാർത്ഥി ആയാൽ പോലും മത്സരം ഒരിഞ്ചുപോലും കടുക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞുവയ്ക്കുന്നു.
എംപിമാർ മത്സര സന്നദ്ധർ ആണല്ലോ എന്നുള്ള ചോദ്യത്തിന് കോൺഗ്രസിൽ മത്സരിക്കാൻ കഴിവുമുള്ള ഒരുപാട് പേരുണ്ട്. അതുകൊണ്ട് അവർക്കും അവസരം കൊടുക്കണമെന്നായിരുന്നു മറുപടി. കേന്ദ്രത്തിൽ പ്രതിപക്ഷത്താണെന്ന് കരുതി നിയമസഭയിൽ മത്സരിക്കുന്നതാണോ പാർട്ടിക്ക് ഗുണം ചെയ്യുന്നത് എന്നാലോചിക്കണമെന്നും കെ. മുരളീധരൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ എം പി മാർ മത്സരിക്കരുതെന്ന അഭിപ്രായമാണ് മുരളീധരൻ മുന്നോട്ടു വച്ചത്. മണ്ഡലം പിടിക്കാൻ അനിവാര്യമെങ്കിൽ മാത്രം എം പി മാർ മത്സരത്തിനിറങ്ങണം, അല്ലാത്തപക്ഷം അഞ്ച് വർഷം പൂർത്തിയാക്കണമെന്നും തെരഞ്ഞെടുപ്പ് സമയത്തെ ഹൈക്കമാൻഡ് നിർദേശം എം പി മാർ പാലിക്കണമെന്നും കെ മുരളീധരൻ തുറന്നടിച്ചു.