തൃശൂർ: കെപിസിസി പുനഃസംഘടനയിലെ അതൃപ്തിക്കിടെ വിശ്വാസ സംരക്ഷണ യാത്രയിൽ കെ. മുരളീധരൻ പങ്കെടുക്കും. പന്തളത്തെ പരിപാടിയിൽ പങ്കെടുക്കും. ഗുരുവായൂരിൽ നിന്നും പന്തളത്തേക്ക് മുരളീധരൻ യാത്ര തിരിച്ചു. നേരത്തെ പങ്കെടുക്കില്ല എന്നാണ് തീരുമാനിച്ചിരുന്നത്. കാസർഗോഡ് നിന്നുള്ള ജാഥാ ക്യാപ്റ്റൻ ആയിരുന്നു മുരളീധരൻ. യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പുനഃസംഘടനകളിലെ നീരസം കാരണം മുരളീധരൻ പങ്കെടുക്കില്ല എന്ന തരത്തിൽ വാർത്തകൾ വന്നതിന് പിന്നാലെയാണ് വീണ്ടും പങ്കെടുക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം വരില്ലെന്ന് അറിയിച്ചിരുന്നു, എന്നാൽ വാർത്തകൾ വന്നതോടെ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് തന്നെ വിളിച്ച് പരിപാടിയിൽ പങ്കെടുക്കണമെന്ന് പറഞ്ഞെന്ന് മുരളീധരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാതിരുന്നാൽ പല വ്യാഖ്യാനങ്ങളും വരാൻ സാധ്യതയുണ്ടെന്നും പ്രസിഡൻ്റ് പറഞ്ഞതായി മുരളീധരൻ പറഞ്ഞു.
കോൺഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് നേരത്തെ വിട്ടുനിൽക്കാൻ തീരുമാനിച്ചതിന് കാരണമെന്നാണ് സൂചന.