KERALA

ശബരിമല സ്വർണക്കൊള്ളക്കേസ്; കെ.പി. ശങ്കരദാസും ജയിൽ മോചിതൻ, കേസിൽ മുഴുവൻ പ്രതികളും പുറത്തേയ്ക്ക്

സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് രണ്ട് കേസുകളിലും ശങ്കരദാസിന് സ്വാഭാവിക ജാമ്യം ലഭിച്ചത്

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് ജയിൽ മോചിതനായി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എസ്ഐടിക്ക് സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് രണ്ട് കേസുകളിലും ശങ്കരദാസിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. ഇതോടെ ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അറസ്റ്റ് ചെയ്ത മുഴുവൻ പ്രതികളും ജയിൽ മോചിതരായി.

കട്ടിളപ്പാളിക്കേസിലും ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസിലും 90 ദിവസമാണ് ശങ്കരദാസ് ജയിലിൽ കഴിഞ്ഞത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ശങ്കരദാസ് പലതവണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നേരത്തെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. അറസ്റ്റ് ചെയ്തു 90 ദിവസം പൂർത്തിയായതോടെ സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.

മറ്റു പ്രതികളായ എ. പത്മകുമാർ, തന്ത്രി കണ്ഠര് രാജീവര്, ഉണ്ണികൃഷ്ണൻ പോറ്റി തുടങ്ങിയവർക്ക് നേരത്തേതന്നെ ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി തള്ളുകയായിരുന്നു. കേസിൽ ഇതുവരെയും കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. 13 പ്രതികളാണ് ആകെയുള്ളത്. ഇതിൽ 12 പേരെയാണ് എസ്ഐടി അറസ്റ്റ് ചെയ്‌തത്.

SCROLL FOR NEXT