വയനാട്: ദുരന്തബാധിതരെ സഹായിക്കുന്നതിനായി പിരിച്ച പണത്തിൻ്റെ കണക്ക് സണ്ണി ജോസഫ് പുറത്തുവിട്ടതിന് പിന്നാലെ, കോൺഗ്രസിനെ കടന്നാക്രമിച്ച് സിപിഐഎം. ദുരന്തത്തിൽ കുടുംബത്തെയാകെ നഷ്ടപ്പെട്ട ശ്രുതിയെയും കോൺഗ്രസ് പറഞ്ഞ് പറ്റിച്ചെന്ന് ജില്ലാ സെക്രട്ടറി കെ. റഫീഖ് ആരോപിച്ചു. 120 ദിവസത്തിനുള്ളിൽ വീട് നൽകുമെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞ വീഡിയോ ഇപ്പോഴും ഫേസ് ബുക്ക് പേജിലുണ്ടെന്നും വയനാട് ജില്ലാ സെക്രട്ടറി ആരോപണമുന്നയിച്ചത്.
കോൺഗ്രസിൻ്റെ വാഗ്‌ദാനം ലഭിച്ചതിനാൽ ശ്രുതി ടൗൺഷിപ്പിലെ വീട് വേണ്ടെന്ന് വച്ച് 15 ലക്ഷം രൂപ വാങ്ങി. ഇപ്പോൾ പണം തിരികെ നൽകാമെന്നും, ടൗൺഷിപ്പിൽ വീട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകിയിരിക്കുകയാണ് എന്നും റഫീഖ് പറഞ്ഞു. കേരളം മുഴുവൻ ചേർത്ത് നിർത്തിയ ശ്രുതിയെ കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ് ഉണ്ടായതെന്നും റഫീഖ് വിമർശിച്ചു.
ആപ്പിലൂടെയാണ് കോൺഗ്രസ് പണം സ്വീകരിച്ചത്.കോൺഗ്രസ് പറഞ്ഞത് സുതാര്യമായി പണം സ്വീകരിക്കും, അതിനായാണ് ആപ്പ് ഉണ്ടാക്കിയത്. അതുമായി ബന്ധപ്പെട്ട ഡീറ്റെയിൽസും പുറത്തുവിടണം. തെരഞ്ഞെടുപ്പ് വന്ന സാഹചര്യത്തിൽ കോൺഗ്രസ് കണ്ണിൽ പൊടിയിടുകയാണ്. ഇത് ജനങ്ങളെ പറ്റിക്കുന്ന നിലപാടാണ്. നിക്കകള്ളിയില്ലാതെ വന്നപ്പോൾ കണക്കുമായി വന്നിരിക്കുന്നു. എത്ര പിരിച്ചാലും വീട് നിർമാണം ആരംഭിച്ചോ എന്നതാണ് ചോദ്യമെന്നും റഫീഖ് ചൂണ്ടിക്കാട്ടി.