കൊച്ചി: കെ റെയിൽ സാമൂഹിക ആഘാത പഠനം നടത്തിയ കരാർ കമ്പനികൾ പ്രതിസന്ധിയിൽ. പഠന റിപ്പോർട്ട് സമർപ്പിച്ചിട്ടും മുൻ സർക്കാർ കുടിശിക നൽകിയില്ല. പദ്ധതി റദ്ദാക്കിയതോടെ തുക ലഭിക്കുമോ എന്നതിൽ ആശങ്കയുണ്ടെന്ന് കരാറുകാരനും, മുൻ ഡെപ്യൂട്ടി കളക്ടറുമായിരുന്ന വി.കെ. ബാലൻ പറയുന്നു. വിഷയത്തിൽ യുഡിഎഫ് സർക്കാർ ഇടപെടണമെന്നാണ് വി.കെ. ബാലന്റെ ആവശ്യം.
പിണറായി സർക്കാരിന്റെ കാലത്ത് വലിയ ജനകീയ പ്രതിരോധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വഴിവച്ച കെ റെയിൽ പദ്ധതി കഴിഞ്ഞ ദിവസമാണ് യുഡിഎഫ് സർക്കാർ പൂർണമായും റദ്ദാക്കിയത്. ബുധനാഴ്ച ചേർന്ന സുപ്രധാന മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ജനങ്ങൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ഈ വലിയ പ്രഖ്യാപനം നടത്തിയത്.
പദ്ധതിക്കായി സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കാൻ മുൻ സർക്കാർ പുറപ്പെടുവിച്ചിരുന്ന എല്ലാത്തരം ഔദ്യോഗിക ഉത്തരവുകളും വിജ്ഞാപനങ്ങളും പുതിയ മന്ത്രിസഭ പൂർണമായി റദ്ദാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. സിൽവർ ലൈൻ വിരുദ്ധ സമരങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാവപ്പെട്ട സാധാരണക്കാർക്കും രാഷ്ട്രീയ പ്രവർത്തകർക്കും എതിരെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവിധ ക്രിമിനൽ കേസുകളും അടിയന്തരമായി റദ്ദാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.