KERALA

'ഒരുമുഴം മുന്നേ'; ഒല്ലൂർ മണ്ഡലത്തിൽ സജീവമായി റവന്യൂ മന്ത്രി കെ. രാജൻ

10 വർഷത്തിനിടയിൽ മണ്ഡലത്തിൽ നടപ്പാക്കിയ 2,350 കോടി രൂപയുടെ വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണ പ്രവർത്തനങ്ങൾ

Author : ന്യൂസ് ഡെസ്ക്

തൃശൂർ: തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിനും ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനും മുൻപേ തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ സജീവമായി റവന്യൂ മന്ത്രി കെ. രാജൻ. 10 വർഷത്തിനിടയിൽ മണ്ഡലത്തിൽ നടപ്പാക്കിയ 2,350 കോടി രൂപയുടെ വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണ പ്രവർത്തനങ്ങൾ. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഡിജിറ്റൽ ക്യാമ്പയിനുകൾക്കൊപ്പം വിവിധ പരിപാടികളുമായി മണ്ഡലത്തിൽ കളം നിറയാനുള്ള നീക്കത്തിലാണ് കെ രാജനും സംഘവും.

19ാം വയസിൽ എഐഎസ്എഫിൻ്റെ ജില്ലാ സെക്രട്ടറി, പിന്നീട് സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്. യുവജന സംഘടനയിലും അതേ നിലയിലുള്ള വളർച്ചയാണ് കെ. രാജന് ഉണ്ടായത്. നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കൂടിയാണ് ഇദ്ദേഹം. വിദ്യാർഥി രാഷ്ട്രീയം മുതൽ അതിവേഗത്തിലുള്ള വളർച്ചയാണ് കെ. രാജൻ്റെ പൊളിറ്റിക്കൽ ഗ്രാഫ് പരിശോധിച്ചാൽ കാണാൻ കഴിയുക. നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം അങ്കം കുറിക്കാനൊരുങ്ങുമ്പോൾ വിവിധ മേഖലകളിലായി പ്രവർത്തിച്ച വർഷങ്ങളുടെ അനുഭവ സമ്പത്തും പ്രവർത്തി പരിചയുമാണ് കെ. രാജൻ്റെ കൈമുതൽ.

നിലവിലെ മന്ത്രിമാർ വീണ്ടും മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന നേതൃയോഗങ്ങളിൽ ധാരണയതിന് പിന്നാലെ ഒല്ലൂരിൽ കളം നിറയുകയാണ് രാജൻ. എംഎൽഎയായും മന്ത്രിയായും 10 വർഷത്തിനിടയിൽ ഒല്ലൂരിൽ നടപ്പാക്കിയ 2350 കോടിയുടെ വികസന പദ്ധതികൾ ഉയർത്തി കാട്ടിയാണ് അനൗദ്യോഗിക പ്രചാരണത്തിനും തുടക്കം കുറിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് ആകെ അഭിമാനമായ പുത്തൂർ സുവോളജിക്കൽ പാർക്ക്, പതിറ്റാണ്ടുകളുടെ പരാതികൾക്ക് ശേഷം പരിഹരിച്ച വിവിധ പട്ടയ പ്രശ്നങ്ങൾ, മണ്ഡലത്തിലെ റോഡുകളുടെ റോഡുകളുടെ പുനർ നിർമ്മാണം , വിവിധ മേഖലകളിലെ അടിസ്ഥാന സൌകര്യ വികസനം തുടങ്ങി ഒട്ടേറെ വിഷയങ്ങളാണ് മന്ത്രിയും സംഘവും ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്.

എക്കാലത്തും യുഡിഎഫിൻ്റെ ശക്തി കേന്ദ്രമായ ഒല്ലൂരിൽ 2016ലെ ആദ്യമത്സരത്തിൽ സിറ്റിംഗ് എംഎൽ.എ ആയിരുന്ന എം.പി വിൻസെൻ്റിനെയാണ് രാജൻ പരാജയപ്പെടുത്തിയത്. 13,248 വോട്ടുകൾക്കായിരുന്നു വിജയം. 2021ലെ രണ്ടാം അങ്കത്തിൽ കോൺഗ്രസ് നേതാവ് ജോസ് വള്ളൂരിനെ തോൽപ്പിച്ച് ഭൂരിപക്ഷം 21,506 ആയി ഉയർത്തി. മൂന്നാം പോരിനിറങ്ങുമ്പോൾ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനമായില്ലെങ്കിലും കെ.പിസിസി സെക്രട്ടറി അഡ്വ. ഷാജി കോടംകണ്ടത്താണ് രാജന് എതിരാളിയാകാൻ സാധ്യത. സ്ഥാനാർത്ഥി ആരെന്നത് പ്രശ്നമല്ലെന്നും രാജൻ തന്നെ വീണ്ടും മത്സരിച്ചാൽ ഒല്ലൂർ മൂന്നാം വട്ടവും നിലനിർത്താനാകുമെന്നാണ് ജില്ലയിലെ എൽഡിഎഫ് നേതൃത്വത്തിൻ്റെയും പ്രവർത്തകരുടെയും ഉറച്ച പ്രതീക്ഷ.

SCROLL FOR NEXT