കെ. എസ്. ശബരീനാഥൻ Source: Facebook
KERALA

"എംഎൽഎ ഹോസ്റ്റൽ ഉണ്ടായിട്ടും അതുപേക്ഷിച്ച് ശാസ്തമംഗലത്തെ മുറിയിൽ ഇരിക്കുന്നതെന്തിന്?"; വി.കെ. പ്രശാന്തിനെതിരെ കെ.എസ്. ശബരീനാഥൻ

എംഎൽഎ ഹോസ്റ്റലിൽ ഓഫീസ് സൗകര്യങ്ങൾ ഉണ്ടല്ലോയെന്ന് കെ. മുരളീധരനും പറഞ്ഞു

Author : പ്രണീത എന്‍.ഇ

തിരുവനന്തപുരം: ഓഫീസ് മുറി വിവാദത്തിൽ വി.കെ. പ്രശാന്തിനെതിരെ കെ.എസ്. ശബരിനാഥൻ. എംഎൽഎ ഹോസ്റ്റലിൽ സൗകര്യങ്ങളുള്ള മുറി ഉണ്ടായിട്ടും വാടക കെട്ടിടത്തിൽ ഇരിക്കുന്നത് എന്തിനാണെന്നാണ് കെ.എസ്. ശബരീനാഥൻ്റെ ഫേസ്ബുക്ക് കുറിപ്പ്. എംഎൽഎ ഹോസ്റ്റലിൽ മുറികളും കമ്പ്യൂട്ടറും പാർക്കിങ്ങും ഉൾപ്പടെയുള്ള സൗകര്യങ്ങളുണ്ട്. അത് ഉപേക്ഷിച്ച് ശാസ്തമംഗലത്ത് നിൽക്കുന്നതെന്തിനാണെന്നാണ് ശബരീനാഥൻ്റെ ചോദ്യം. എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണമെന്നും ശബരീനാഥ് കുറിപ്പിൽ പറയുന്നു.

കേരളത്തിലെ ഭൂരിഭാഗം എംഎൽഎമാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണെങ്കിലും, വി.കെ. പ്രശാന്തിൻ്റെ കാര്യം വ്യത്യസ്തമാണെന്ന് ശബരീനാഥൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. നിയമസഭയുടെ എംഎൽഎ ഹോസ്റ്റൽ വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് സ്ഥിതിചെയ്യുന്നത്. നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള എംഎൽഎ ഹോസ്റ്റൽ. സർക്കാർ സൗജന്യമായി ഹോസ്റ്റൽ നൽകുമ്പോൾ, അതുപേക്ഷിച്ച് ശാസ്തമംഗലത്തെ മുറിയിൽ ഇരിക്കുന്നത് എന്തിനാണെന്ന് ശബരീനാഥ് ചോദിക്കുന്നു.

"മുൻ വട്ടിയൂർകാവ് എംഎൽഎ ശ്രീ. കെ. മുരളീധരനും, നിലവിലെ തിരുവനന്തപുരം എംഎൽഎ ശ്രീ. ആന്റണി രാജുവും, പൊതുജനങ്ങളെ നേരിട്ട് കാണുന്നതിനായി നിയമസഭ ഹോസ്റ്റലിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്ത്തിയിരുന്നത്. നിയമസഭാ ഹോസ്റ്റലിൽ പൊതുജനങ്ങൾക്ക് അവരുടെ ജനപ്രതിനിധികളെ കാണുന്നതിൽ യാതൊരു നിയന്ത്രണങ്ങളോ തടസ്സങ്ങളോ ഇല്ല. എല്ലാവർക്കും സുഗമമായി അവരുടെ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് അവിടെ സംവിധാനം ഒരുക്കിയിരിക്കുന്നത്," ശബരീനാഥ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

എംഎൽഎ ഹോസ്റ്റലിൽ ഓഫീസ് സൗകര്യങ്ങൾ ഉണ്ടല്ലോയെന്ന് കെ. മുരളീധരനും വ്യക്തമാക്കി. താൻ എംഎൽഎയായിരുന്ന കാലത്ത് വട്ടിയൂർക്കാവിലെ എല്ലാവരും തന്നെ കാണാൻ അവിടെ എത്തിയിരുന്നു. ക്വാർട്ടേഴ്സിലെ മുറി ഉപയോഗിക്കേണ്ടത് എംഎൽഎയാണ്. അത് പരിശോധിക്കേണ്ടത് സ്പീക്കറും. മുറി ഒഴിയണോ എന്നത് പ്രശാന്തിൻ്റെ ഇഷ്ടമാണെന്നും ആ തർക്കത്തിൽ ഇടപെടാനില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.

അതേസമയം വി.കെ. പ്രശാന്തിനോട് എംഎൽഎ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. ശ്രീലേഖയുടെ നടപടി അൽപ്പത്തരമെന്ന് അഭിപ്രായപ്പെട്ട് മന്ത്രി ജി.ആർ. അനിൽ രംഗത്തെത്തി. ശ്രീലേഖയെ അനുകൂലിച്ചുള്ള കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ്റെ പ്രതികരണം പരസ്പര സഹായത്തിനുള്ള സഹായമാണോ എന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. ജനപ്രതിനിധികളുടെ ഓഫീസ് കെട്ടിടത്തിന് സ്വകാര്യസ്ഥാപനങ്ങൾക്ക് വാടക വാങ്ങുന്നത് പോലെ വാങ്ങാൻ കഴിയില്ലെന്നും ജി. ആർ. അനിൽ പറഞ്ഞു.

കെ.എസ്. ശബരീനാഥൻ്റെ ഫേസ്ബുക്ക് കുറിപ്പ്

ശാസ്തമംഗലം വാർഡിലെ നഗരസഭ ഓഫീസിൽ MLA യുടെ ഓഫീസ് പ്രവർത്തിക്കുന്ന വിഷയത്തിൽ നഗരസഭയും ശ്രീ വി.കെ പ്രശാന്തും തമ്മിലുള്ള കരാർ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങൾ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. അത് അവിടെ നിൽക്കട്ടെ, എനിക്ക് മറ്റൊരു വസ്തുത കൂടി പറയേണ്ടതുണ്ട്.

കേരളത്തിലെ ഭൂരിഭാഗം MLA മാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോൾ ആര്യനാട് ഒരു വാടകമുറിയിൽ മാസവാടക കൊടുത്തു പ്രവർത്തിച്ചത്.

പക്ഷേ ശ്രീ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ MLA ഹോസ്റ്റൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്.നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള MLA ഹോസ്റ്റൽ. ഞാൻ അന്വേഷിച്ചപ്പോൾ MLA ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31,32 നമ്പറിൽ ഒന്നാന്തരം രണ്ട് ഓഫീസ് മുറികൾ അങ്ങയുടെ പേരിൽ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള MLA ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്?

ഈ നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം MLA ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം.

മുൻ വട്ടിയൂർകാവ് MLA ശ്രീ. കെ. മുരളീധരനും, നിലവിലെ തിരുവനന്തപുരം MLA ശ്രീ. ആന്റണി രാജുവും, പൊതുജനങ്ങളെ നേരിട്ട് കാണുന്നതിനായി നിയമസഭ ഹോസ്റ്റലിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്ത്തിയിരുന്നത്.

നിയമസഭാ ഹോസ്റ്റലിൽ പൊതുജനങ്ങൾക്ക് അവരുടെ ജനപ്രതിനിധികളെ കാണുന്നതിൽ യാതൊരു നിയന്ത്രണങ്ങളോ തടസ്സങ്ങളോ ഇല്ല. എല്ലാവർക്കും സുഗമമായി അവരുടെ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് അവിടെ സംവിധാനം ഒരുക്കിയിരിക്കുന്നത്.

SCROLL FOR NEXT