Source: Screengrab
KERALA

"തുടർഭരണമുണ്ടായാൽ ബംഗാളിലെ സ്ഥിതിയാകും"; ജനങ്ങൾക്ക് പാർട്ടിയെ വിമർശിക്കാൻ ഭയമെന്ന് കെ. സച്ചിദാനന്ദൻ; പ്രതികരിച്ച് എം.വി. ഗോവിന്ദനും കെ.കെ. ശൈലജയും

വികസനത്തിൻ്റെ കാര്യത്തിലും സാക്ഷരതയുടെ കാര്യത്തിലും ഇടതു സർക്കാർ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ജനങ്ങൾക്ക് പാർട്ടിയെ വിമർശിക്കാനുള്ള ഭയം വർധിച്ചുവരുന്നതായും സച്ചിദാനന്ദൻ...

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് തുടർ ഭരണമുണ്ടായാൽ ബാംഗാളിലെ സ്ഥിതിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന വിമർശനവുമായി കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ. ജനാധിപത്യത്തെ ജനാധിപത്യമാക്കുന്നത് പ്രതിപക്ഷമാണ്. പ്രതിപക്ഷത്തിരിക്കുന്നത് ശക്തി കുട്ടാനുള്ള വഴിയാണന്നും സച്ചിദാനന്ദൻ പറഞ്ഞു. അതേസമയം ഇടതു സഹയാത്രികനായ കവിയുടെ അഭിപ്രായത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി.

മലയാള മനോരമ ദിനപത്രത്തിലെ വാരാന്ത്യ പതിപ്പിലെ കോളത്തിലാണ് സാഹിത്യ അക്കാദമി ചെയർമാൻ തുടർ ഭരണത്തിനെതിരെ ആദ്യമായി വിമർശനം ഉന്നയിക്കുന്നത്. അധികാരം കുത്തയാകുന്തോറും അതു ദുരധികാരമായിട്ടു മാറാൻ സാധ്യതയുണ്ടെന്നും ലോകത്ത് മുഴുവൻ ഇതു അനുഭവമാണന്നുമായിരുന്നു സച്ചിദാനന്ദൻ്റെ അഭിപ്രായം. ഈ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയാണ് സച്ചിദാനന്ദൻ ഇന്ന് വീണ്ടും മാധ്യമങ്ങളോട് പ്രതികരിച്ചത്.

കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് തുടർഭരണമുണ്ടായാൽ ബംഗാളിലെ സ്ഥിതിയിലേക്ക് പോകാൻ സാധ്യതയുണ്ട്. അഴിമതിയിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും ഇത് നയിച്ചേക്കാം. വികസനത്തിന്റെ കാര്യത്തിലും സാക്ഷരതയുടെ കാര്യത്തിലും ഇടതു സർക്കാർ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ജനങ്ങൾക്ക് പാർട്ടിയെ വിമർശിക്കാനുള്ള ഭയം വർധിച്ചുവരുന്നതായും സച്ചിദാനന്ദൻ. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും രൂക്ഷമായ ഭാഷയിൽ സാഹിത്യ അക്കാദമി ചെയർമാൻ വിമർശനമുന്നയിച്ചു. നാരായണ ഗുരുവിൻ്റെ ആദർശം തൊട്ടു തീണ്ടിയിട്ടില്ലാത്തവരെ ഗുരുവിനെക്കാൾ വലുതാക്കി കാണിക്കുന്നത് ഭൂഷണമല്ലെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.

കവിയുടെ അഭിപ്രായങ്ങളെ എതിർത്ത സിപിഐഎം സംസ്ഥാന സെക്രട്ടറി തുടർ ഭരണം വേണ്ടതില്ലെന്ന അഭിപ്രായമല്ല സച്ചിദാനന്ദന്റെയെന്ന് പറഞ്ഞു. പാർട്ടി പ്രവർത്തകൻ അല്ലാത്ത അദ്ദേഹത്തിന്റെ അഭിപ്രായമല്ല പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കുമെന്നും കേന്ദ്ര കമ്മറ്റി അംഗം കെ.കെ. ശൈലജ പറഞ്ഞു. സാഹിത്യ അക്കാദമി ചെയർമാനെ പിന്തുണച്ച പ്രതിപക്ഷ നേതാവ് തങ്ങൾ പറയുന്നത് അടിവരയിടുന്ന പ്രസ്താവനയാണ് കവിയുടേതെന്ന് പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ഇടത് സഹയാത്രികനായ സച്ചിദാനന്ദന്റെ വാക്കുകൾ സാംസ്കാരിക ലോകത്ത് ഇതിനോടകം ചർച്ചയായിട്ടുണ്ട്. അതേസമയം ഇക്കാര്യങ്ങൾ ആയുധമാക്കാൻ പ്രതിപക്ഷം ശ്രമിക്കുമ്പോൾ കൂടുതൽ പ്രചാരണം നൽകാതെ അവഗണിക്കാനുള്ള തീരുമാനത്തിലാണ് ഇടതുമുന്നണി നേതൃത്വം.

SCROLL FOR NEXT