കെ. സച്ചിദാനന്ദൻ Source: News Malayalam 24x7
KERALA

സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് കെ. സച്ചിദാനന്ദൻ; രാജി കാലാവധി അവസാനിക്കാൻ 23 ദിവസം ബാക്കി നിൽക്കെ

മെയ് 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി...

Author : ന്യൂസ് ഡെസ്ക്

തൃശൂർ: സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് പ്രൊഫ. കെ. സച്ചിദാനന്ദൻ. മെയ് 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി. അക്കാദമി ഭാരവാഹികൾ 2022ലാണ് ചുമതലയേറ്റത്. മൂന്ന് വർഷം കാലാവധി പൂർത്തീകരിച്ച സമിതിക്ക് സർക്കാർ ഒരു വർഷം കൂടി കാലാവധി നീട്ടി നൽകുകയായിരുന്നു. വൈസ് പ്രസിഡൻ്റ് അശോകൻ ചരുവിലും രാജിക്കത്ത് കൈമാറി. ഭരണമാറ്റത്തിന് പിന്നാലെയാണ് രാജി.

കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവച്ചേക്കുമെന്ന സൂചന ഇന്ന് പുറത്തുവന്നിരുന്നു. രാജി ഉണ്ടായേക്കുമെന്ന് ഫേസ്ബുക്ക് കമന്റിലൂടെയാണ് സച്ചിദാനന്ദൻ സൂചന നൽകിയത്. ഇന്നലെ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ കമൻ്റായി "ഈ മുൾക്കിടക്ക നാളെ വിടുന്നു"വെന്നാണ് സച്ചിദാനന്ദൻ കുറിച്ചത്.

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ മനുഷ്യര്‍ തന്നെയാണ് ഇത് ഇടതുപക്ഷം അല്ലാതായി എന്നറിഞ്ഞ് എൽഡിഎഫിനെതിരെ വോട്ട് ചെയ്തതെന്ന് സച്ചിദാനന്ദൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. അത് സത്യസന്ധരായ നേതാക്കള്‍ സമ്മതിച്ചിട്ടുമുണ്ട്. രണ്ട് വലതുപക്ഷ കക്ഷികള്‍ തമ്മിലായിരുന്നു മത്സരം എന്ന് എല്ലാ ശരിയായ ഇടതുപക്ഷക്കാരും തിരിച്ചറിഞ്ഞു. ഇനി ഒരു തിരിച്ചുവരവ് സാധ്യമോ എന്നത് പാർട്ടികൾ നടത്തുന്ന ആശയപരവും വര്‍ഗപരവുമായ അഴിച്ചുപണിയെ ആശ്രയിച്ചിരിക്കുന്നുവെന്നും സച്ചിദാനന്ദൻ പ്രതികരിച്ചു. തുടർഭരണവുമായി ബന്ധപ്പെട്ട് സച്ചിദാനന്ദൻ അഭിപ്രായം പറഞ്ഞത് നേരത്തെ വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.

SCROLL FOR NEXT