Source: FB
KERALA

"വിമര്‍ശനം ഇടതുപക്ഷത്ത് നിന്ന്, പൊതുതത്വത്തെ പാര്‍ട്ടി യുദ്ധങ്ങളിലേക്ക് ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്നു"; തുടർഭരണ വിവാദത്തിന് വിരാമമിട്ട് കെ. സച്ചിദാനന്ദൻ

"സ്വയം വിമര്‍ശനം ഇല്ലെങ്കില്‍ അപ്രമാദിത്വം തോന്നാമെന്ന് പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുന്നു"

Author : ന്യൂസ് ഡെസ്ക്

തൃശൂർ: തുടർഭരണ വിവാദത്തിന് വിരാമമിട്ട് സാഹിത്യ അക്കാദമി ചെയർമാനും കവിയുമായ കെ. സച്ചിദാനന്ദൻ. സ്വയം വിമര്‍ശനം ഇല്ലെങ്കില്‍ അപ്രമാദിത്വം തോന്നാമെന്ന് പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുന്നു. പൊതുതത്വത്തെപ്പോലും ഇവിടുത്തെ പാര്‍ട്ടിയുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്നു. നിരന്തരം വലതുപക്ഷത്തെ വിമര്‍ശിച്ച് പോസ്റ്റ് ഇടുന്നത് കാണുന്നു പോലുമില്ലെന്നും സച്ചിദാനന്ദന്‍. ഇനി ഈ വിഷയത്തില്‍ പ്രതികരണത്തിനില്ലെന്നും കെ. സച്ചിദാനന്ദൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ഇടതുപക്ഷത്തു നിന്നാണ് ഇടതു പക്ഷത്തിന്റെ വീഴ്ചകളെ വിമര്‍ശിക്കുന്നതെന്നും കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ ഏത് പാര്‍ട്ടി ഭരിച്ചാലും സ്വയം വിമര്‍ശനം ഇല്ലെങ്കില്‍ അപ്രമാദിത്വം തോന്നാമെന്നും ഞാന്‍ എത്രയോ കുറി പറഞ്ഞതിനെ എന്തെല്ലാമായാണ് ഇവിടെയും പൊതുമാധ്യമങ്ങളിലും വ്യാഖ്യാനിക്കുന്നത് എന്ന് തമാശയോടെ കാണുന്നു. പ്രതികരണങ്ങള്‍ കാണുമ്പോൾ ചില സുഹൃത്തുക്കള്‍ക്ക് വേദനിച്ചു എന്ന് കണ്ട് പോസ്റ്റില്‍ ഒരു വാക്കു തിരുത്തിയാല്‍ പോലും വാര്‍ത്തയാണ്. ഇതിനെയും നമ്മുടെ സമൂഹം എഴുത്തുകാര്‍ക്ക് നല്‍കുന്ന പ്രാധാന്യമായി വ്യാഖ്യാനിച്ച് അഭിമാനം കൊള്ളാം. ഒരു പൊതു തത്വത്തെപ്പോലും ഇവിടത്തെ പാര്‍ട്ടിയുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്ന അല്‍പ്പ ബുദ്ധികൾ ഞാന്‍ നിരന്തരം വലതുപക്ഷത്തെ വിമര്‍ശിച്ചു പോസ്റ്റു ഇടുന്നത് കാണുന്നു പോലുമില്ല. ഏതായാലും കുറെ പേര്‍ക്ക് ഉപജീവനം ആകാൻ കഴിഞ്ഞതില്‍ സന്തോഷം.

ഇനി ഈ വിഷയത്തില്‍ പ്രതികരണം ഇല്ല. ക്ഷമിക്കുക, അല്‍പ്പം സമയമേയുള്ളൂ. ജല്‍പ്പനങ്ങള്‍ക്ക് പ്രതികരിച്ച് അത് കളയാനുമില്ല. ഇതും ഉദ്ധരിക്കാം. നാളെയ്ക്കുള്ള വഴി ആയല്ലോ.

SCROLL FOR NEXT