കെ. സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ  NEWS MALAYALAM 24x7
KERALA

തൃശൂരില്‍ കെ. സുരേന്ദ്രന്‍, നേമത്ത് രാജീവ് ചന്ദ്രശേഖര്‍; നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സാധ്യതാ പട്ടിക

തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വോട്ടര്‍ പട്ടിക ക്രമക്കേടില്‍ നാണക്കേടിലായ തൃശൂരില്‍ കെ.സുരേന്ദ്രനെ ഇറക്കി പ്രവര്‍ത്തനം ശക്തമാക്കാന്‍ ബിജെപി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ തൃശൂരിലെ സ്ഥാനാര്‍ത്ഥിയാകും. നേമത്ത് രാജീവ് ചന്ദ്രശേഖറും പുതുക്കാട് ശോഭാ സുരേന്ദ്രനും ഉള്‍പ്പെടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയും തയ്യാറാക്കിക്കഴിഞ്ഞു.

പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി ബിജെപിയില്‍ പുകയുന്നതിനിടെയാണ് ഇടത്തീപോലെ തൃശൂരിലെ വോട്ട് ക്രമക്കേട് പുറത്തുവന്നത്. പ്രതിരോധം എന്ന നിലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ വളരെ മുമ്പ് തീരുമാനിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് ബിജെപി തീരുമാനം. ഈ ചര്‍ച്ചയാണ് കെ. സുരേന്ദ്രന്‍ എന്ന പേരിലേക്ക് എത്തിയത്.

തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്ന നേമം മണ്ഡലം തിരിച്ചു പിടിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തന്നെ ഇറങ്ങും. കഴക്കൂട്ടത്ത് വി. മുരളീധരനും കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസും തിരുവനന്തപുരം മണ്ഡലത്തില്‍ വി.വി. രാജേഷും സ്ഥാനാര്‍ത്ഥി ആയേക്കും. ശോഭാ സുരേന്ദ്രനെ പുതുക്കാട് മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ധാരണ. ആലപ്പുഴയില്‍ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ പദ്മജാ വേണുഗോപാലിനെ മത്സരിപ്പിക്കാനാണ് ആലോചന. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആറന്മുളയിലാകും സ്ഥാനാര്‍ത്ഥിയാവുക. മണലൂരില്‍ കെ.കെ. അനീഷ് കുമാറും ഒല്ലൂരില്‍ ജസ്റ്റിന്‍ ജേക്കബും ഇരിങ്ങാലക്കുടയില്‍ ജേക്കബ് തോമസും ഗുരുവായൂരില്‍ ശങ്കു ടി ദാസും മത്സരിച്ചേക്കും.

ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞെത്തിയ പി.എസ്. ശ്രീധരന്‍പിള്ള ചെങ്ങന്നൂരില്‍ മത്സരിക്കും. തിരുവല്ലയില്‍ അനൂപ് ആന്റണിയും കായംകുളത്ത് തുഷാര്‍ വെള്ളാപ്പള്ളിയും പൂഞ്ഞാറില്‍ പി.സി. ജോര്‍ജും പാലയില്‍ ഷോണ്‍ ജോര്‍ജും സ്ഥാനാര്‍ത്ഥികളാകും. കോഴിക്കോട് നോര്‍ത്തില്‍ എം.ടി. രമേശിനെയും കണ്ണൂരില്‍ സി.കെ. പത്മനാഭനെയും മത്സരിപ്പിക്കാനാണ് ആലോചന നടക്കുന്നത്.

SCROLL FOR NEXT