KERALA

ഇനി ഇളവുകളില്ല; അധ്യാപക നിയമനത്തിൽ കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്

സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് യോഗ്യത വേണം.

Author : പ്രിയ പ്രകാശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. എം.എഡ്, സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി നേടിയവർക്ക് ഇളവുകൾ നൽകുന്നതായിരുന്നു പഴയ ഉത്തരവ്. ഇതാണ് റദ്ദാക്കി പുതിയ ഉത്തരവ് ഇറക്കിയത്. ഇതോടെ ഈ യോഗ്യതയുള്ളവരും ഇനി അധ്യാപക നിയമനത്തിന് അപേക്ഷിക്കുന്നതിന് കെ-ടെറ്റ് യോഗ്യത നേടേണ്ടിവരും.

സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് യോഗ്യത വേണം. ഹൈസ്കൂൾ അധ്യാപകർക്ക് പ്രധാന അധ്യാപകരാകാനോ, ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് ബൈട്രാൻസ്ഫർ നിയമനം ലഭിക്കാനോ ഇനി മുതൽ കെ-ടെറ്റ് കാറ്റഗറി-III നിർബന്ധമായിരിക്കും. എൽ.പി, യു.പി അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് കാറ്റഗറി I, II എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ പരിഗണിക്കുന്നത് തുടരും.

എന്നാൽ ഹൈസ്കൂൾ നിയമനങ്ങൾക്ക് കാറ്റഗറി III തന്നെ വേണം. കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ (CTET) വിജയിച്ചവർക്കുള്ള ഇളവ് തുടരും. 2025 സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.

SCROLL FOR NEXT