തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിലെ എൽഡിഎഫ് വാദം ഏറ്റുപിടിക്കാതെ കടകംപള്ളി സുരേന്ദ്രൻ. കളങ്കിതനായ ഉണ്ണികൃഷ്ണൻ പോറ്റിയെ സോണിയ ഗാന്ധി വീട്ടിൽ കയറ്റുമെന്ന് കരുതുന്നില്ലെന്നാണ് കടകംപള്ളിയുടെ പ്രസ്താവന. അടൂർ പ്രകാശുമായുള്ള പോറ്റിയുടെ ചിത്രവും സ്വാഭാവികമാകാം. തനിക്ക് എതിരെ ഉയരുന്ന പ്രതിഷേധം സ്വഭാവിക രാഷ്ട്രീയ പ്രതിരോധം മാത്രമാണെന്നും കടകംപള്ളി പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിട്ടുണ്ടെന്ന കാര്യം കഴിഞ്ഞ ദിവസം തന്നെ കടകംപള്ളി സുരേന്ദ്രൻ സമ്മതിച്ചിരുന്നു. പിന്നാലെയാണ് എൽഡിഎഫ് വാദങ്ങളിൽ നിന്നും വ്യത്യസ്ത സമീപനം സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വാർത്ത പുറത്തുവരുന്നതുവരെ, പോറ്റി കളങ്കമില്ലാത്ത ആളാണെന്നായിരുന്നു ബോധ്യമെന്ന് കടകംപള്ളി പറഞ്ഞു. സിപിഐഎമ്മിനെതിരെ സ്വർണക്കൊള്ള ആയുധമാക്കുമ്പോൾ, പോറ്റി സോണിയ ഗാന്ധിയെ കണ്ടതും ചർച്ചയാകും. ഇത് സ്വാഭാവിക രാഷ്ട്രീയ പ്രതിരോധമാണെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
പോറ്റിയുടെ വീട്ടിലെത്തിയത് സ്വകാര്യമായോ, രഹസ്യമായോ അല്ലെന്നും കടകംപള്ളി പറഞ്ഞു. മന്ത്രിയുടെ വാഹനത്തിലാണ് അന്ന് പോറ്റിയുടെ വീട്ടിലെത്തിയത്. ഒന്നിലധികം തവണ പോയെങ്കിൽ അതുപറയാൻ താനെന്തിന് മടിക്കണം എന്ന് ചോദിച്ച കടകംപള്ളി സുരേന്ദ്രൻ, അന്ന് പോറ്റി കളങ്കിതനാണെന്ന് ബോധ്യമില്ലായിരുന്നെന്നും കൂട്ടിച്ചേർത്തു.
"ഞാൻ ഒരു തവണ മാത്രമെ പോറ്റിയുടെ വീട്ടിൽ പോയിട്ടുള്ളൂ. ഗൺമാനോട് വിഷയം ചോദിച്ചു. അപ്പോൾ അയാളും ഒരു തവണയേ പോയിട്ടുള്ളൂ എന്നാണ് പറഞ്ഞത്. കുട്ടിയുടെ പരിപാടി എന്നത് ഇന്നലെ പിശക് പറ്റിയതാണ്. അച്ഛൻ പോറ്റിയുടെ എന്തെങ്കിലും ചടങ്ങിൽ പോയതാകും. ഞാൻ എവിടെയും സമ്മാനവും കൊണ്ട് പോകാറില്ല. അവിടെ വാങ്ങി വച്ച സമ്മാനം ഞാനെടുത്ത് കൊടുത്തതാണ്," കടകംപള്ളി പറഞ്ഞു.