അധ്യാപകരുടെ പഞ്ചിങ്, പ്രൊഫസർമാരുടെ നിയമനം എന്നിവയിൽ കാലടി സർവകലാശാലയിൽ വീഴ്ചകളുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ട്. 
KERALA

വർഷങ്ങളായി പഞ്ചിങ് ഇല്ലാതെ അധ്യാപകർ; കാലടി സർവകലാശാലയിൽ ഗുരുതര വീഴ്ചകൾ

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അധ്യാപകർ വർഷങ്ങളായി പഞ്ചിങ് നടത്തുന്നില്ലെന്ന് സർക്കാർ ഓഡിറ്റ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ അധ്യാപകര്‍ വര്‍ഷങ്ങളായി പഞ്ചിങ് നടത്താറില്ലെന്ന് സര്‍ക്കാരിന്റെ ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. സര്‍വകലാശാലയിലെ അധ്യാപകരില്‍ സംസ്‌കൃതം, സംഗീതം വിഭാഗങ്ങളിലെ ഏതാനും അധ്യാപകര്‍ മാത്രമാണ് പഞ്ചിങ് നടത്താറുള്ളതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വകലാശാലയിലെ 46 പ്രൊഫസര്‍മാരുടെ നിയമനങ്ങള്‍ സര്‍ക്കാര്‍ അംഗീകാരമില്ലാതെയാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.

2018ലെ പൊതുഭരണ വകുപ്പിന്റെയും 2023-ലെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവുകള്‍ പ്രകാരം സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും യൂണിസ്പാര്‍ക്ക് നടപ്പിലാക്കിയിട്ടുണ്ട്. 2016 ഡിസംബര്‍ 15-ന് ചേര്‍ന്ന കാലടി സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ യോഗവും അധ്യാപകരുടെ പഞ്ചിങ് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.

തുടര്‍ന്ന് സര്‍വകലാശാലയില്‍ എല്ലാ ജീവനക്കാര്‍ക്കും പഞ്ചിങ് ഏര്‍പ്പെടുത്തി ഉത്തരവായി. എന്നാല്‍, അനധ്യാപക വിഭാഗം ജീവനക്കാര്‍ മാത്രമാണ് പഞ്ചിങ് നടത്തുന്നത്. 2022 ഏപ്രില്‍ 25-ന് സര്‍വകലാശാലയിലെ എല്ലാ അധ്യാപക, അനധ്യാപക ജീവനക്കാരും കൃത്യമായി പഞ്ചിങ് നടത്തണമെന്ന് സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ എല്ലാം ലംഘിച്ചാണ് അധ്യാപകര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിടുന്ന രീതി തുടരുന്നത്.

ഒപ്പം സര്‍വകലാശാലയിലെ 46 പ്രൊഫസര്‍മാരുടെ നിയമനങ്ങള്‍ സര്‍ക്കാര്‍ അംഗീകാരമില്ലാതെയാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 - 2024 ലെ വാര്‍ഷിക ക്വാളിറ്റി അഷ്വറന്‍സ് റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ആകെ അധ്യാപകരുടെ എണ്ണം 220 ആണ്. ഈ ഉത്തരവ് പ്രകാരം ഒന്‍പത് പ്രൊഫസര്‍മാരെയും 21 അസോസിയേറ്റ് പ്രൊഫസര്‍മാരെയും 190 അസിസ്റ്റന്റ് പ്രൊഫസര്‍മാരെയുമാണ് സര്‍വകലാശാലയില്‍ സ്ഥിരമായി നിയമിക്കാവുന്നത്.

എന്നാല്‍, സര്‍വകലാശാലയിലെ രേഖകള്‍ പരിശോധിച്ചതില്‍ 55 പ്രൊഫസര്‍മാരും 15 അസോസിയേറ്റ് പ്രൊഫസര്‍മാരും 52 അസിസ്റ്റന്റ് പ്രൊഫസര്‍മാരുമാണ് സര്‍വകലാശാലയില്‍ ജോലി ചെയ്യുന്നതെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. സര്‍ക്കാര്‍ അംഗീകാരമില്ലാതെ അധികമായി നിയമിച്ച പ്രൊഫസര്‍മാര്‍ക്ക് പ്രതിമാസം ശമ്പളയിനത്തില്‍ അധിക തുക നല്‍കിയതിന് ഓഡിറ്റ് വിഭാഗം സര്‍വകലാശാലയോട് വിശദീകരണവും തേടിയിട്ടുണ്ട്.

സംസ്‌കൃത സര്‍വകലാശാലയിലെ അധ്യാപകര്‍ക്ക് പഞ്ചിങ് ഏര്‍പ്പെടുത്തി ശമ്പളം യൂണിസ്പാര്‍ക്ക് വഴിയാക്കണമെന്നും പഞ്ചിംഗ് നടത്താത്ത അധ്യാപകര്‍ക്ക് ശമ്പളം നല്‍കരുതെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന് പരാതി നല്‍കിയിട്ടുണ്ട്. രണ്ടായിരം മുതല്‍ സര്‍വകലാശാലയില്‍ നടത്തിയ അധ്യാപക - അനധ്യാപക നിയമനങ്ങളില്‍ സമ്പൂര്‍ണ്ണ ഓഡിറ്റ് നടത്താന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ചാന്‍സലറായ ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനും കമ്മിറ്റി നിവേദനം നല്‍കി.

SCROLL FOR NEXT