തിരുവനന്തപുരം: തെക്ക് വടക്കൻ കളരി മുറയ്ക്ക് കായികമേളയിലെ അങ്കത്തട്ടിൽ അരങ്ങേറ്റം. സീനിയർ വിഭാഗത്തിൽ മൂന്നിനങ്ങളിലായി നടന്ന മത്സരത്തിൽ വടക്കൻ ജില്ലകൾ ആധിപത്യം പുലർത്തി. ദേശീയ ഗെയിംസിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും കായികമേളയിലൂടെ കളരിപ്പയറ്റിന്റെ മത്സര പ്രാധാന്യം വർധിക്കുകയാണ്.
പയറ്റി തെളിഞ്ഞ അടവുകളുമായാണ് വിദ്യാർഥികൾ അങ്കത്തട്ടിലേക്കെത്തിയത്. വലിഞ്ഞമർന്നും തിരിഞ്ഞു ചാടിയും മെയ് വഴക്കത്തോടെയുള്ള ചുവടുവയ്പ്പുകൾ. കളരി അഭ്യാസത്തിന്റെ അടിസ്ഥാനമാണ് ചുവടുകൾ. ചുവട് പിഴച്ചാൽ എല്ലാം പിഴച്ചു എന്നതാണ് കളരിയുടെ ആപത്‌വാക്യം. വർഷങ്ങൾ നീണ്ട പരിശീലനത്തിലൂടെയാണ് അത് നേടിയെടുക്കുന്നതും.
സ്കൂൾ കായികമേളയിൽ ആദ്യമായാണ് കളരിപ്പയറ്റ് മത്സര വിഭാഗത്തിലേക്ക് പരിഗണിക്കുന്നത്. സീനിയർ ജൂനിയർ വിഭാഗങ്ങളിൽ മൂന്ന് ഇനങ്ങളിലാണ് മത്സരം. ദേശീയ ഗെയിംസിൽ നിന്നും ഒഴിവാക്കിയതോടെയാണ് കളരിപ്പയറ്റ് കായികമേളയിൽ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.