വയനാട്: കള്ളാടി ദുരന്തത്തിൽ വിശദീകരണവുമായി കൊങ്കൺ റെയിൽവേ കോർപ്പറേഷൻ. ദുരന്തിന് കാരണമായത് അതിതീവ്ര മഴയെന്ന് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ അവകാശപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ 240 മില്ലിമീറ്റർ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. തുരങ്കപാത നിർമിക്കുന്ന ഭാഗത്തുനിന്നും 240 മീറ്റർ മാറിയാണ് മണ്ണിടിച്ചിൽ ഉണ്ടായത് എന്നും മണ്ണ് നിക്ഷേപിച്ചിരുന്ന പ്രദേശം ഇപ്പോഴും സുരക്ഷിതമാണ് എന്നും കമ്പനി വിശദീകരിച്ചു.
അതേസമയം, കള്ളാടി മണ്ണിടിച്ചിൽ ഉണ്ടായ മേഖലയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷി പുഴയിൽ നിന്നാണ് മൃതദേഹം കിട്ടിയത്. ഇനി ഒരാളെ കൂടി കണ്ടെത്താനുണ്ട്. ഇതോടെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി.
ചന്ദ്ര ബാൻ (ഓപ്പറേറ്റർ)-മദ്ധ്യപ്രദേശ്, ബികാഷ് കുമാർ (സിവിൽ ഫോർമാൻ)-ബീഹാർ, അൻമോൽ (തൊഴിലാളി)-ജാർഖണ്ഡ്, രാഹുൽ (എഞ്ചിനീയർ)-ഹിമാചൽ പ്രദേശ്, മുഹമ്മദ് ഇമ്രാൻ (എക്സ്കവേറ്റർ ഓപ്പറേറ്റർ)-ബീഹാർ, അസ്ഹറുദ്ദീൻ അൻസാരി (സർവേയർ)-ഉത്തർപ്രദേശ്, രാകേഷ് ഗുച്ചൈത് (സർവേയർ) - പശ്ചിമബംഗാൾ, എന്നിവരാണ് മരിച്ചത്. ഹിമാചൽ പ്രദേശിൽ നിന്നുള്ള കൺസ്ട്രക്ഷൻ മാനേജറായ വിക്രം റാണയെ ഇനി കണ്ടെത്താനുണ്ട്.
ജൂലൈ ഏഴിനാണ് നാടിനെ നടുക്കി കൊണ്ട് വീണ്ടുമൊരു ദുരന്തം നടന്നത്. തുരങ്കപാത നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിന് സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. നിർമാണത്തിൻ്റെ കരാർ കമ്പനിയെ കുറപ്പെടുത്തി സർക്കാർ ഹൈക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് മെയ് 26നും ജൂണ്‍ നാലിനും ദുരന്ത നിവാരണ അതോറിറ്റിക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. അവശിഷ്ടങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകരുതെന്ന് കമ്പനിയോട് ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ തൊഴിലാളികളെയും പൊതുജനങ്ങളെയും ഒഴിപ്പിക്കണം എന്നും നിർദേശിച്ചിരുന്നു എന്നും സർക്കാർ കോടതിയെ അറിയിച്ചു.