

വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. മീനാക്ഷി പുഴയിൽ നിന്നാണ് മൃതദേഹം കിട്ടിയത്. ഇനി ഒരാളെ കൂടി കണ്ടെത്താനുണ്ട്. ഇതോടെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി.
പുഴയിലും സോൺ ഒന്നിലും മൂന്നിലും പരിശോധന തുടരുകയാണ്. പുഴയിൽ പരിശോധന നടത്തുന്നത് 30 അംഗ എൻഡിആർഎഫ് സംഘമാണ്. അതേസമയം കൊങ്കൺ റെയിൽവേ കോർപ്പറേഷൻ്റെ ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് വയനാട് എത്തും. സംഘം മണ്ണിടിച്ചിൽ മേഖലയിൽ വിശദമായ പരിശോധന നടത്തും.
സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയും ഉടൻ സ്ഥലത്തെത്തി അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറും. ഇന്നലെ നടത്തിയ തിരച്ചിലിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇതിനിടെ മണ്ണിടിച്ചിൽ പശ്ചാത്തലത്തിൽ നിർദിഷ്ട തുരങ്കപതയുടെ ആനക്കാംപൊയിൽ ഭാഗത്തെ നിർമാണ പ്രവർത്തികളും താൽക്കാലികമായി നിർത്തിവച്ചു.