വയനാട്: മേപ്പാടിയിൽ തുരങ്കപാതയുടെ നിർമാണ പ്രദേശത്തുനിന്ന് മണ്ണ് പൂർണമായും നീക്കാൻ നിർദേശം നൽകിയിരുന്നില്ലെന്ന് രേഖകൾ. മണ്ണ് മാറ്റാൻ കഴിഞ്ഞ മാസം ഉത്തരവിറക്കിയെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്. കൂട്ടിയിട്ട മണ്ണിന്റെ ഉയരം കുറക്കാൻ മാത്രമാണ് നിർദേശം നൽകിയത്. പൊതുമരാമത്ത് വകുപ്പിന്റെ അവലോകനയോഗത്തിന്റെ മിനിട്സിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
മണ്ണ് മാറ്റുന്നത് കൂടുതൽ അപകടം ചെയ്യുമെന്നായിരുന്നു വിലയിരുത്തൽ. പൊതുമരാമത്ത് വകുപ്പിന്റെ അവലോകനയോഗത്തിന്റെ മിനിട്സ് പുറത്തുവന്നതോടെ അധികൃതരുടെ കടുത്ത അനാസ്ഥയാണ് വ്യക്തമാകുന്നത്. കൂട്ടിയിട്ട മണ്ണ് നീക്കാൻ 17 ദിവസം മുമ്പ് തന്നെ നിർദേശം നൽകിയിരുന്നു എന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞത്. ജില്ലാ കളക്ടർ കഴിഞ്ഞ മാസം 20ന് മണ്ണ് മാറ്റാൻ ഉത്തരവിറക്കി. എന്നാൽ കരാറുകാർ നിർദേശം പാലിച്ചില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം കള്ളാടി ദുരന്തത്തിൽപ്പെട്ടത് 18 പേർ എന്നാണ് നിലവിലെ സ്ഥീകരണം. ഇവരിൽ ഒൻപത് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്ത് ഏഴ് പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി എംഎൽഎ ഐ.സി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കള്ളാടിയിൽ യോഗം ചേർന്നു. മണ്ണിടിച്ചിലിൽ അഞ്ചുപേർ മരിച്ചതായാണ് സ്ഥിരീകരണം.