തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി കസ്റ്റഡിയിലെടുത്ത തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യ പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും കണ്ഠരര് രാജീവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.
ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് തന്ത്രിയാണ്. സ്വര്‍ണം പൊതിഞ്ഞ പാളിയാണ് എന്ന് അറിയാമായിരുന്നിട്ടും ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയ മഹസറില്‍ ഒപ്പിട്ടുവെന്നും എസ്‌ഐടി പറയുന്നു. പാളികളില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തണമെന്ന് ആദ്യം പറഞ്ഞതും കണ്ഠരര് രാജീവര് ആയിരുന്നു.
തന്ത്രിയെ ഈഞ്ചക്കലുള്ള ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു. അന്വേഷണ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ഈഞ്ചക്കല്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഉണ്ട്.
ശബരിമലയിലെയും മറ്റൊരു ക്ഷേത്രത്തിലെയും തന്ത്രി കണ്ഠരര് രാജീവര് ആയിരുന്നു. ഇവിടെ നിന്നുള്ള ബന്ധമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയിലേക്കുള്ള വഴി തുറന്നുനല്‍കിയത്. കേസിലെ മറ്റൊരു പ്രതിയായ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധന്റെ ജുവല്ലറിയുടെ ഉദ്ഘാടനത്തിന് പ്രത്യേക പൂജ നടത്താനായി പോയതും കണ്ഠരര് രാജീവരുടെ ബന്ധുവും ഇപ്പോഴത്തെ ശബരിമല തന്ത്രിയുമായ കണ്ഠരര് മോഹനര് ആണ്.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി കേസെടുത്തു. പിഎംഎല്‍എ വകുപ്പ് ചുമത്തി ഇസിഐആര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ ക്രൈം ബ്രാഞ്ച് കേസിലെ എല്ലാവരും ഇഡി കേസിലും പ്രതികളാകും. ഇഡിയുടെ കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇഡി ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണച്ചുമതല. ക്രൈം ബ്രാഞ്ച് എഫ്‌ഐആറില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും പ്രതികളാക്കി ഒറ്റക്കേസായിട്ടായിരിക്കും അന്വേഷണം നടക്കുക.