കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് വിദ്യാർഥി നിധിൻ രാജ് ജീവനൊടുക്കിയ കേസിൽ ലോൺ ആപ്പ് ടെലികോളർ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി സൗരവിനെ ഡൽഹിയിൽ വച്ചാണ് ആണ് പിടിയിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി സൗരവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.
നിധിൻ രാജിൻ്റെ മരണത്തിൽ ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. നിതിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചു, മാനസികമായി പീഡിപ്പിച്ചു എന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ, ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.
അതേസമയം, നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കേസിലേക്ക് വലിച്ചിഴക്കുകയാണെന്നുമാണ് ഡോ. റാം മുൻകൂർ ജാമ്യാപേക്ഷയിൽ വാദിച്ചത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഏപ്രിൽ 10നാണ് തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ഇതിനുപിന്നാലെ അനാട്ടമി വിഭാഗം മേധാവി ഡോക്ടർ എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സംഗീത എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബവും വിദ്യാർഥികളും പൂർവവിദ്യാർഥികളും ഉന്നയിച്ചത്.
നിതിൻ രാജ് വകുപ്പ് മേധാവിയിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നു. നിറത്തിൻ്റെ പേരിൽ കടുത്ത അധിക്ഷേപമാണ് നിതിൻ രാജ് നേരിട്ടത്. നിതിനെ പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്നും സീനിയേഴ്‌സിൽ നിന്നുള്ള റാഗിങ്ങും ജീവനൊടുക്കാൻ കാരണമായെന്നും കുടുംബം ആരോപിച്ചിരുന്നു.