KERALA

കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പ്: തുടർച്ചയായ 26ാം തവണയും യൂണിയൻ നിലനിർത്തി എസ്‌എഫ്ഐ

കണ്ണൂർ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടി എസ്എഫ്ഐ.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടി എസ്എഫ്ഐ. തുടർച്ചയായ 26ആം തവണയാണ് എസ്എഫ്ഐ യൂണിയൻ നിലനിർത്തുന്നത്. അഞ്ച് ജനറൽ സീറ്റുകളും എസ്എഫ്ഐ നേടി. കണ്ണൂർ ജില്ലാ റെപ്രസെന്ററ്റീവ് സീറ്റും എസ്എഫ്ഐക്ക്. നന്ദജ് ബാബു യൂണിയൻ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി കാസർഗോഡ്, വയനാട് എക്സിക്യൂട്ടീവ് സ്ഥാനം യുഡിഎസ്എഫ് നേടി.

കണ്ണൂർ സർവകലാശാലയെ യൂണിയൻ തെരഞ്ഞെടുപ്പിനിടെയുള്ള വിദ്യാർഥി സംഘർഷം യുദ്ധക്കളമാക്കിയിരുന്നു. പൊലീസ് നോക്കിനിൽക്കെ പരസ്പരം ഏറ്റുമുട്ടി എസ്എഫ്ഐ-യുഡിഎസ്എഫ് പ്രവർത്തകർ. ബാലറ്റ് പേപ്പർ തട്ടിപ്പറിച്ചെന്ന പരാതിയിൽ എസ്എഫ്ഐ സ്ഥാനാർഥി അധിഷയെ പൊലീസ് തടഞ്ഞുവച്ചു.

പ്രവ‍ർത്തകർ ആക്രമാസക്തമായതിനെ തുട‍ർന്ന് പൊലീസ് ലാത്തിവീശി. എംഎസ്എഫ് - കെ‌എസ്‌യു, എസ്എഫ്ഐ പ്രവർത്തക‍‍ർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോ‍ർട്ട്. പൊലീസ് എസ്എഫ്ഐക്ക് എതിരെ പ്രവർത്തിക്കുന്നെന്ന് സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പ്രതികരിച്ചു. അതേസമയം, പ്രവർത്തകരെ സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അനുനയിപ്പിച്ചു.

അതേസമയം, സർവ്വകളാശാലയിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യുഡിഎസ്എഫ് ആരോപണം പൊളിയുന്നു. തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ വിദ്യാർഥിയുടെ വീഡിയോ പുറത്തുവന്നു. സഫ്‌വാനെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു യുഡിഎസ്എഫിന്റെ ആരോപണം. ഹുസൂരിൽ വ്യക്തിപരമായ ആവശ്യത്തിന് പോയതെന്ന് സഫ്‌വാൻ വീഡിയോയിൽ പറയുന്നുണ്ട്.

SCROLL FOR NEXT