യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന നിലപാടിലുറച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. വധശിക്ഷ റദ്ധാക്കിയില്ലെന്ന പ്രചാരണം തെറ്റാണെന്നും കാന്തപുരത്തിന്റെ ഓഫീസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇപ്പോൾ പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കാന്തപുരത്തിന്റെ ഓഫീസിൽ നിന്നുമുള്ള പത്രകുറിപ്പ് കഴിഞ്ഞ ദിവസം വാർത്താ ഏജൻസിയായ എഎൻഐ അടക്കം എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് കാന്തപുരം എക്സിൽ റീപോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ നിമിഷ പ്രിയയുടെ കേസിൽ കാന്തപുരത്തിന്റെ ഇടപെടൽ കേന്ദ്രം തള്ളിയതോടെ എഎൻഐ വാർത്ത പിൻവലിച്ചു. ഇതാണ് തെറ്റായി പ്രചരിക്കുന്നതെന്നും കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി.
കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർക്കാണ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. എന്നാൽ ഉടൻ ജയിൽ മോചിതയാകില്ല, ശിക്ഷാ ഇളവിന്റെ കാര്യത്തിൽ ചർച്ച തുടരുമെന്നാണ് ലഭ്യമാകുന്ന വിവരം. ദിയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്ന കാര്യത്തിൽ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിലും ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നു. നയതന്ത്ര ഇടപെടലുകൾ അത്രയൊന്നും സാധ്യമല്ലാത്ത ഒരു രാജ്യമാണ് യെമൻ. അവിടെ ഫലപ്രദമായി ഒരു ചർച്ച നടക്കുകയും അതിന് ഫലം കാണുകയും ചെയ്തുവെന്നകാര്യം ഏറെ ആശ്വാസകരമാണ്.